ബെയ്റൂട്ട്
ഭൂകമ്പം ദുരിതക്കയത്തിലാക്കിയ സിറിയയിലേക്ക് അന്താരാഷ്ട്ര സഹായം എത്തിക്കുന്നതിന് വിഘാതമായി വിവിധ ഉപരോധങ്ങൾ. തുർക്കിക്ക് എഴുപതോളം രാജ്യം സഹായം വാഗ്ദാനം ചെയ്തിട്ടുണ്ടെങ്കിലും സിറിയയിലേക്ക് ഇവ എത്തുന്നില്ല.
ഉപരോധം നീക്കാനാകില്ലെന്ന നിലപാടിലാണ് അമേരിക്കയും യൂറോപ്യൻ യൂണിയനും. മറ്റേതെങ്കിലും മാര്‍ഗത്തില്‍ സഹായം എത്തിക്കുമെന്നാണ് പ്രഖ്യാപനം.ഐക്യരാഷ്ട്ര സംഘടനയുമായി ചേർന്ന് രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുമെന്നാണ് ബ്രിട്ടന്റെ പ്രതികരണം. റഷ്യ, യുഎഇ, ഇറാഖ്, ഇറാൻ, അൾജീരിയ എന്നിവയാണ് പ്രധാനമായും സിറിയക്ക് ഇതുവരെ സഹായമെത്തിച്ച രാജ്യങ്ങൾ. വിമതർ നിയന്ത്രിക്കുന്ന ഇഡ്ലിബ് മേഖലയിലാണ് ദുരന്തം ഏറെയും ബാധിച്ചത്. ഇവിടേക്ക് സർക്കാർ രക്ഷാപ്രവർത്തകർക്കുപോലും എത്താനാകുന്നില്ല.
വ്യാജസന്ദേശങ്ങൾ പറക്കുന്നു
രക്ഷാപ്രവർത്തനം തുടരുന്നതിനിടയിലും തുർക്കിയിലെയും സിറിയയിലെയും ഭൂകമ്പം സംബന്ധിച്ച വ്യാജസന്ദേശ പ്രചാരണം തകൃതി. തുർക്കിയിലെ ആണവനിലയത്തിൽ പൊട്ടിത്തെറിയുണ്ടായതായ ട്വിറ്റർ വീഡിയോ 12 ലക്ഷം പേരാണ് കണ്ടത്. 2020 ആഗസ്തിൽ ബെയ്റൂട്ടിലുണ്ടായ പൊട്ടിത്തെറിയുടെ വീഡിയോയാണ് പ്രചരിപ്പിച്ചത്. ഭൂകമ്പത്തിന് കാരണമായ സുനാമി എന്നതായിരുന്നു പ്രചരിച്ച മറ്റൊരു വീഡിയോ. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ യജമാനന് സമീപം കിടക്കുന്ന നായയുടെ 2018ലെ ചിത്രവും പ്രചരിച്ചു.
തുര്‍ക്കിയില്‍ ഇന്ത്യന്‍ സംഘം
രക്ഷാപ്രവര്‍ത്തനത്തില്‍
തുർക്കിയിൽ ഭൂകമ്പബാധിത മേഖലയില്‍ ഇന്ത്യന്‍ സംഘം രക്ഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. രണ്ട് സംഘത്തിലായി 101 സേനാംഗങ്ങളുണ്ട്. അഞ്ച് പേർ സ്ത്രീകളാണ്. ഏഴ് വാഹനവും നാല് സ്നിഫ്ഫർ ഡോഗുകളും രക്ഷാസംഘത്തിലുണ്ട്. ഏറ്റവും കൂടുതൽ നാശനഷ്ടം സംഭവിച്ച നുർദഗിയിലാണ് ഇന്ത്യൻ സംഘം രക്ഷാപ്രവർത്തനത്തിൽ ഏർപ്പെടുന്നത്. 51 രക്ഷാപ്രവർത്തകരും ഏഴ് വാഹനവും നായ്ക്കളും ഉൾപ്പെടുന്ന മൂന്നാമത്തെ സംഘവും ഇവരോടൊപ്പം ഉടൻ ചേരും. ആറ് ടൺ മെഡിക്കൽ സഹായമടക്കം മൂന്ന് വിമാനത്തിലായി ദുരിതാശ്വാസസാമഗ്രികളും എത്തിച്ചിട്ടുണ്ടെന്ന് ദേശീയ ദുരന്തനിവാരണ സേനയുടെ ഡയറക്ടർ ജനറൽ അതുൽ കർവാൽ അറിയിച്ചു.