ഇസ്താംബൂള്‍
വേദനയുടെ നിറകണ്കാഴ്ചകള്ക്കിടയില് പ്രത്യാശയുടെ ഒറ്റപ്പെട്ട നിമിഷങ്ങളും ദുരന്തഭൂമിയിലുണ്ട്. സിറിയന്‍ വിമത നിയന്ത്രണത്തിലുള്ള ഇഡ്ലിബിന് പടിഞ്ഞാറ് ബിസ്നിയ ഗ്രാമത്തിൽ തകർന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍നിന്ന് രക്ഷാപ്രവര്‍ത്തകര്‍ ജീവനോടെ പുറത്തെടുത്തത് ഒരു കുടുംബത്തിലെ ആറുപേരെ. നാലു കുട്ടികളും രണ്ട് മുതിര്‍ന്നവരും അടങ്ങുന്ന കുടുംബം ജീവനോടെ പുറത്തുവന്നതുകണ്ടപ്പോള്, നിമിഷങ്ങള്‍ എണ്ണി കാത്തുനിന്ന നാട്ടുകാര്‍ക്കിടയില്‍ സന്തോഷത്തിന്റെ അരവം മുഴങ്ങി. കരഘോഷത്തോടെയാണ് നാട്ടുകാര്‍ അവരെ ആംബുലന്‍സിലേക്ക് മാറ്റിയത്.
ഇഡ്ലിബിന്റെ ഗ്രാമപ്രദേശത്തുള്ള സാൽകിൻ നഗരത്തിലെ വീടിന്റെ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിപ്പോയ കുട്ടിയെ 40 മണിക്കൂറിലധികം കഴിഞ്ഞ് രക്ഷപ്പെടുത്തിയെന്നും സന്നദ്ധസംഘടനയായ വൈറ്റ് ഹെല്‍മെറ്റ് അറിയിച്ചു.
50 മണിക്കൂറിനുശേഷം അവന് ചിരിച്ചു
ദുരന്തഭൂമിയില്‍ സമയത്തിനെതിരായ പോരാട്ടത്തിലാണ് രക്ഷാപ്രവര്‍ത്തകര്‍. തുര്‍ക്കിയിലെ ഏറ്റവും ദുരന്തബാധിതമേഖലയായ ഹതായിലെ തകർന്ന കെട്ടിടത്തിനടിയില്‍ 12 വയസ്സുകാരന് നിമിഷങ്ങള്‍ എണ്ണിക്കിടന്നത് 50 മണിക്കൂര്‍. കുട്ടിയെ മണിക്കൂറുകള്‍ പണിപ്പെട്ടാണ് ദൗത്യസംഘം പുറത്തെത്തിച്ചത്. അമ്മ അവനെ ഏറ്റുവാങ്ങുന്ന ചിത്രം സന്നദ്ധസംഘടനകള്‍ ട്വിറ്ററില്‍ പങ്കുവച്ചു.
ഭൂകമ്പത്തെ
അതിജീവിച്ച
ഗര്‍ഭപാത്രം
സിറിയയിലെ മറ്റൊരിടത്ത്, അവശിഷ്ടങ്ങൾക്കിടയിൽ പിറന്നുവീണ പെൺകുഞ്ഞിനെ രക്ഷപ്പെടുത്തിയെങ്കിലും അവളുടെ അച്ഛനും അമ്മയും നാലു സഹോദരങ്ങളും മരിച്ചു. ജിൻഡേരിസിലെ സിറിയന്‍ അഭയാര്‍ഥി ദമ്പതികളുടെ കുഞ്ഞാണ് ഭൂകമ്പത്തെ അതിജീവിച്ചത്. ഭൂകമ്പം ഉണ്ടായപ്പോള്‍ കുഞ്ഞ് ഒരുപക്ഷെ അമ്മയുടെ വയറ്റിലായിരുന്നിരിക്കാം.
അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതിനിടെയാണ് അമ്മ പ്രസവിച്ചതെന്നാണ് രക്ഷാപ്രവർത്തകരുടെ നിഗമനം. ജീവന് നഷ്ടപ്പെട്ട അമ്മയുടെ ശരീരത്തിലെ പൊക്കിൾക്കൊടിയില്‍നിന്ന് കുഞ്ഞിനെ വേര്‍പെടുത്തിയത് രക്ഷാപ്രവർത്തകരാണ്. കുഞ്ഞ് ആശുപത്രിയില്‍ സുഖംപ്രാപിച്ചുവരുന്നു.
‘എന്റെ അച്ഛനെ രക്ഷിക്കൂ’
തുര്‍ക്കിയിലെ കഹ്റമൻമാരസില്‍ നൂറുകണക്കിന് അവിശിഷ്ടങ്ങള്ക്കിടയില്നിന്ന് യന്ത്രക്കൈകള്‍ പാതിരാവില്‍ കുഴിച്ചെത്തിയത് ഒരു പെണ്‍കുട്ടിയുടെ ദീനരോദനത്തിലേക്കാണ്.
ഇരുട്ടില്‍നിന്ന് 14 വയസ്സുകാരിയെ ജീവനോടെ പുറത്തെടുത്തു. രക്ഷകരെ കണ്ടപ്പോള്‍ അവള് ആദ്യം പറഞ്ഞത്, ‘ദയവായി എന്റെ അച്ഛനെയും രക്ഷിക്കൂ’ എന്നാണ്. അവളുടെ അടുത്തുതന്നെ ജീവനോടെ അച്ഛനും ഉണ്ടായിരുന്നു. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ അച്ഛനെയും പുറത്തെടുത്തു. പക്ഷേ, കുടുംബത്തിലെ മറ്റു രണ്ടുപേര്‍ക്ക് അതിജീവിക്കാനായില്ല.