തിരുവനന്തപുരം
ലൈഫ് മിഷൻ പദ്ധതിയിൽ 3,23,894 വീട് നിർമാണം പൂർത്തിയാക്കിയതായി മന്ത്രി എം ബി രാജേഷ്. പലകാലങ്ങളായി പാതിവഴിയിലായിരുന്ന 54,116 വീട് പൂർത്തിയാക്കി. 2017ൽ പദ്ധതി ആരംഭത്തിൽ തയ്യാറാക്കിയ ഗുണഭോക്തൃ പട്ടികയിൽ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ അംഗീകരിച്ച 1,02,542 കുടുംബത്തിൽ 95,858 പേരും വീട് നിർമാണം പൂർത്തിയാക്കി താമസമായി. 61,763 പേർ ഈ സർക്കാരിന്റെ കാലത്താണ് പൂർത്തിയാക്കിയത്. ഈ പട്ടികയിലെ 3781 വീടാണ് നിർമാണം പൂർത്തിയാക്കാനുള്ളതെന്നും പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയാവതരണ നോട്ടീസിന് മന്ത്രി മറുപടി നൽകി.
ലൈഫ് മിഷന്റെ അക്കൗണ്ടിൽ 1700 കോടി രൂപയുണ്ട്. ആദ്യപട്ടികയിൽ ഭൂരഹിത–- ഭവനരഹിതരായിട്ടുള്ളത് 1,58,470 കുടുംബത്തിൽ 32,376 പേർക്ക് ഭൂമി ഉറപ്പാക്കി വീട് നിർമാണം തുടങ്ങി. 17,918 എണ്ണം പൂർത്തിയായി. 10,814 വീട് നിർമാണ ഘട്ടങ്ങളിലാണ്. 32,703 പട്ടികജാതി ഗുണഭോക്താക്കളിൽ 20,801 പേരും പട്ടികവർഗ വിഭാഗത്തിൽ 11,648 പേരിൽ 8087 പേരും വീട് നിർമിച്ചു. 4220 മത്സ്യത്തൊഴിലാളികളിൽ 2650 പേർ വീട് നിർമിച്ചു. ഈ വിഭാഗത്തിൽ 2,62,131 പേർക്ക് കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് വീട് നൽകി.
അടിമാലി, അങ്കമാലി, വെങ്ങാനൂർ, മണ്ണന്തല എൻജിഒ യൂണിയൻ, കീഴ്മാട്, പെരിന്തൽമണ്ണ ഭവനസമുച്ചയങ്ങളിലൂടെ 469 കുടുംബത്തിന് ഫ്ലാറ്റ് നൽകി. തിരുവനന്തപുരം കോർപറേഷനിൽ കഴിഞ്ഞ സർക്കാരിന്റെ കാലത്ത് 720ഉം ഈ സർക്കാരിന്റെ കാലത്ത് 372 ഫ്ലാറ്റും നൽകി. കോഴിക്കോട് കോർപറേഷനിലെ 141 കുടുംബത്തിന് ഫ്ലാറ്റ് കിട്ടി. സഹകരണവകുപ്പ് കെയർഹോം പദ്ധതിയിൽ 2091 വീട് നൽകി. പഴയന്നൂരിൽ 40 ഫ്ലാറ്റും കൈമാറി. പുനർഗേഹം പദ്ധതിയിൽ 2322 മത്സ്യത്തൊഴിലാളി കുടുംബങ്ങളെ പുനരധിവസിപ്പിച്ചു. 1931 വീടും 390 ഫ്ലാറ്റും നിർമിച്ച് കൈമാറി. 1184 ഫ്ലാറ്റും 1361 വീടും നിർമാണത്തിലാണ്. വിഴിഞ്ഞം മേഖലയിലെ മത്സ്യത്തൊഴിലാളികളെ പുനരധിവസിപ്പിക്കാൻ മുട്ടത്തറയിൽ ഫ്ലാറ്റ് നിർമാണത്തിന് തുടക്കമാകുന്നതായും മന്ത്രി പറഞ്ഞു.
മോദിയുമായും കൈകോർക്കുന്നു ; മിഷനെതിരെ യുഡിഎഫ്
ഗൂഢാലോചന
ലൈഫ് മിഷൻ പദ്ധതി അട്ടിമറിച്ച് പാവങ്ങൾക്ക് വീട് എന്ന സ്വപ്നവും നിഷേധിക്കാൻ യുഡിഎഫ് ഗൂഢാലോചന നടത്തുകയാണെന്ന് മന്ത്രി എം ബി രാജേഷ്. ഇതിനായി മോദി സർക്കാരുമായും കൈകോർക്കുന്നു. കേന്ദ്രാന്വേഷണ ഏജൻസികൾ ലൈഫ് മിഷനെതിരായി നടത്തുന്ന അന്വേഷണങ്ങൾക്ക് അടിസ്ഥാനം യുഡിഎഫുകാർ സിബിഐക്ക് നൽകിയ പരാതിയാണ്. അവസരം കാത്തിരുന്ന ബിജെപി സർക്കാർ ഈ പരാതിയുടെ മറവിൽ എല്ലാ അന്വേഷണ ഏജൻസികളെയും ഉപയോഗിച്ച് ലൈഫ് മിഷനെ തകർക്കാനാണ് നോക്കുന്നത്. യുഡിഎഫ് ജയിച്ചാൽ ലൈഫ് പദ്ധതി ഇല്ലാതാക്കുമെന്ന യുഡിഎഫ് കൺവീനർ എം എം ഹസ്സന്റെ പാഴ്സ്വപ്നം യാഥാർഥ്യമാക്കാനാണ് ഇക്കൂട്ടർ ശ്രമിക്കുന്നത്.
കെപിസിസി പട്ടിക
പ്രസിദ്ധീകരിക്കണം
ഭവനരഹിതർക്ക് 1000 വീട് നിർമിച്ചുനൽകുമെന്ന കെപിസിസിയുടെ പ്രഖ്യാപനത്തെതുടർന്ന് നിർമിച്ച് കൈമാറിയ വീടുകളുടെ ഗുണഭോക്തൃ പട്ടിക പ്രസിദ്ധീകരിക്കാൻ കോൺഗ്രസ് നേതൃത്വം തയ്യാറാകണം. ഇതിനായി 3.43 കോടി രൂപ പിരിച്ചു. ആകെ കൈമാറിയത് 42 വീടും. പണി പൂർത്തീകരിച്ചത് 450 വീടും പുരോഗമിക്കുന്നത് 348 വീടും എന്നത് അവകാശവാദത്തിൽമാത്രം ഒതുങ്ങി. ആർക്കൊക്കെ വീട് നൽകിയെന്ന് അറിയാൻ ആകാംക്ഷയുണ്ട്.
പാവപ്പെട്ടവർക്കായി 2000 വീട് നിർമിച്ച് നൽകുമെന്ന് സിപിഐ എം പ്രഖ്യാപിച്ചു. 1262 വീട് പൂർത്തീകരിച്ചു. 750 വീട് നിർമാണത്തിലാണ്. ഭവനരഹിതർക്ക് വീട് ഉറപ്പാക്കുന്നതിൽ സിപിഐ എമ്മിനും കോൺഗ്രസിനുമുള്ള പ്രതിബദ്ധതയും ആത്മാർഥതയുമാണ് കണക്കുകളിൽനിന്ന് വ്യക്തമാകുന്നതെന്നും മന്ത്രി പറഞ്ഞു.
മനസ്സോടിത്തിരി മണ്ണ് കേരളം നെഞ്ചേറ്റുന്നു
ലൈഫ് മിഷനിൽ ഭൂരഹിത ഭവനരഹിതർക്ക് വീട് നിർമാണത്തിനായി ഭൂമി കണ്ടെത്താനായി ആരംഭിച്ച മനസോടിത്തിരി മണ്ണ് പ്രചാരണത്തിൽ 23. 50 ഏക്കർ സ്ഥലത്തിന് വാഗ്ദാനം ലഭിച്ചതായി മന്ത്രി എം ബി രാജേഷ്. അതിൽ 12.33 സെന്റ് സ്ഥലം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയോ ഗുണഭോക്താക്കളുടെയോ പേരിൽ രജിസ്റ്റർ ചെയ്തു.
ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ 1000 ഭൂരഹിതർക്ക് ഭൂമി വാങ്ങിച്ചു നൽകാൻ തയ്യാറായി. എറണാകുളം, ആലപ്പുഴ ജില്ലകളിൽ 164 ഗുണഭോക്താക്കൾക്ക് ഭൂമി വാങ്ങി നൽകി. 54 ഗുണഭോക്താക്കളുടെ രജിസ്ട്രേഷൻ നടപടി പുരോഗമിക്കുന്നു. 29 ഭവനസമുച്ചയത്തിന്റെ നിർമാണം വിവിധ ജില്ലയിൽ പുരോഗമിക്കുന്നു. നാലിടത്തായി 174 ഫ്ലാറ്റ് അടുത്തമാസം കൈമാറും. എറണാകുളം നെല്ലിക്കുഴി പഞ്ചായത്തിൽ പ്രവാസി മലയാളിയായ സമീർ 51 സെന്റ് സ്ഥലവും 18 ഫ്ലാറ്റും നിർമിച്ചുനൽകാൻ സന്നദ്ധനായി. തിരുവനന്തപുരം പൂവച്ചലിൽ വി സുകുമാരൻ വൈദ്യർ രണ്ടര ഏക്കർ സൗജന്യമായി നൽകി.
പ്രളയസഹായം ലഭിച്ചവർക്ക്
വിഹിതം കുറയില്ല
ലൈഫ് പദ്ധതിയിൽ വീടിന് അർഹതയുള്ള ഗുണഭോക്താവിൽനിന്ന് പ്രളയസഹായം ലഭിച്ചതിന്റെ പേരിൽ ഒരു തുകയും കുറയ്ക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രളയത്തിൽ തകർന്ന വീട് നന്നാക്കാൻ കൊടുത്ത പൈസ അന്നുള്ള വീടിനാണ് അനുവദിച്ചത്. ഈ സഹായം ലഭിച്ച വ്യക്തിക്ക് പിന്നീട് ലൈഫിൽ വീടിന് അർഹതയുണ്ടെന്ന് കണ്ടെത്തി ധനസഹായം അനുവദിക്കുമ്പോൾ, മുമ്പ് പ്രളയത്തിന് അനുവദിച്ച സഹായം കുറയ്ക്കരുതെന്ന് നിർദേശിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. ലൈഫ് ഗുണഭോക്താവായി തെരഞ്ഞെടുക്കപ്പെടുമ്പോൾ ലഭിക്കുന്ന മുഴുവൻ സഹായവും ഇത്തരം ഗുണഭോക്താക്കൾക്കും ലഭിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.