തിരുവനന്തപുരം
ഭീമന്റെ സ്നേഹമളക്കാൻ ഹിഡുംബി പരീക്ഷിച്ച ഛായാമുഖി കണ്ണാടി കോൺഗ്രസുകാരുടെ നേർക്കുവച്ചാൽ കാണുക രാഹുൽ ഗാന്ധിയെയോ കോൺഗ്രസിനെയോ അല്ലെന്നും പകരം മോദിയെയും ബിജെപിയെയും ആണെന്നും എ പ്രഭാകരൻ ബജറ്റ് ചർച്ചയിൽ പറഞ്ഞു.
അഞ്ചുനേരം ഭക്ഷണം കഴിച്ചാണ് യുഡിഎഫ് എംഎൽഎമാരുടെ സത്യഗ്രഹമന്ന് വി ജോയി എംഎൽഎ. ക്ഷേമ പെൻഷൻ മുടങ്ങണമെന്നും അതുവഴി ജനങ്ങൾ സർക്കാരിനെതിരെ തിരിയണമെന്നുമാണ് പ്രതിപക്ഷം ആഗ്രഹിക്കുന്നതെന്നും എം കെ മുനീറിന്റെ വാദത്തെ ജോയി പൊളിച്ചടുക്കി. വോട്ട് യാചനാ ബജറ്റാണ് കേന്ദ്രത്തിന്റേതെന്ന് ഇ ടി ടൈസൺ പറഞ്ഞു. കേന്ദ്രം കേരളത്തെ സാമ്പത്തിക ബന്ധിയാക്കുന്നെന്ന് പ്രമോദ് നാരായണൻ പറഞ്ഞു. അതിജീവനത്തിന്റെ കരുത്തുമായി യാഥാർഥ്യബോധത്തോടെയുള്ള ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചതെന്ന് രാമചന്ദ്രൻ കടന്നപ്പള്ളി. അസമിനും ഛത്തീസ്ഗഢിനുമുള്ള വിഹിതംപോലും കേരളത്തിന് അനുവദിക്കാത്ത കേന്ദ്ര നടപടിയിൽ യുഡിഎഫിന് ഒരു പ്രതിഷേധവുമില്ലെന്ന് എം നൗഷാദ് പറഞ്ഞു. മകൻ മരിച്ചിട്ടായാലും മരുമകളുടെ കണ്ണീർ കണ്ടാൽ മതിയെന്ന സമീപനമാണ് പ്രതിപക്ഷത്തിനെന്ന് ലിന്റോ ജോസഫ്. എല്ലാ വിഭാഗം ജനങ്ങളെയും ചേർത്തുപിടിക്കുന്നതാണ് ബജറ്റെന്ന് കാനത്തിൽ ജമീല പറഞ്ഞു. അനൂപ് ജേക്കബ്, ഉമ തോമസ്, കെ കെ രമ, എം കെ മുനീർ എന്നിവരും സംസാരിച്ചു. ഇതോടെ മൂന്നു ദിവസമായി തുടർന്ന ബജറ്റ് ചർച്ച പൂർത്തിയായി. ചർച്ചയ്ക്ക് ധനമന്ത്രി കെ എൻ ബാലഗോപാൽ മറുപടി പറഞ്ഞു.