തിരുവനന്തപുരം
ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ആരോഗ്യനിലയിൽ പുരോഗതി. ഈ സാഹചര്യത്തിൽ ഉടൻ അദ്ദേഹത്തെ ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റേണ്ടതില്ലെന്ന് കുടുംബം തീരുമാനിച്ചു.
യന്ത്രസഹായത്തോടെയാണ് അദ്ദേഹം ശ്വസിച്ചിരുന്നത്. ബുധനാഴ്ചയോടെ ഇത് മാറ്റിയെന്നും രക്തത്തിലെ ഓക്സിജന്റെ അളവ് സാധാരണ നിലയിലായെന്നും മെഡിക്കൽ ബുള്ളറ്റിനിൽ പറഞ്ഞു. അദ്ദേഹം സംസാരിക്കുകയും ചോദ്യങ്ങളോട് പ്രതികരിക്കുകയും ചെയ്യുന്നുണ്ടെന്ന് നിംസ് ആശുപത്രി മെഡിക്കൽ അഡ്മിനിസ്ട്രേറ്റർ ഡോ. മഞ്ജു തമ്പി പറഞ്ഞു. കുറച്ച് ദിവസത്തിനുള്ളിൽ അണുബാധ പൂർണമായും ഭേദപ്പെടുമെന്ന് ഡോക്ടർ വ്യക്തമാക്കി. ബുധനാഴ്ച വൈകിട്ടോടെ മുമ്പ് ചികിത്സ തേടിയ ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക് അദ്ദേഹത്തെ എയർലിഫ്റ്റ് ചെയ്യുമെന്നാണ് അറിയിച്ചിരുന്നത്. ഉമ്മൻചാണ്ടിക്ക് കുടുംബം ചികിത്സ നിഷേധിക്കുന്നുവെന്ന് നാൽപ്പതിലധികം ബന്ധുക്കൾ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകിയിരുന്നു.