തിരുവനന്തപുരം> എറണാകുളത്തെ വെള്ളക്കെട്ട് പരിഹരിക്കാൻ നടപ്പാക്കുന്ന ഓപ്പറേഷൻ ബ്രേക്ക് ത്രൂ പദ്ധതിക്കായി 10 കോടിയും അരൂർ പട്ടണത്തിലെ വെള്ളക്കെട്ട് പരിഹരിക്കാൻ അഞ്ചു കോടിയും ബജറ്റിൽ പുതുതായി വകയിരുത്തിയതായി മന്ത്രി കെ എൻ ബാലഗോപാൽ. നിയമസഭയിൽ ബജറ്റ് ചർച്ചയുടെ മറുപടിക്കിടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
ടൂറിസം ഇടനാഴിയിൽ അരുവിക്കര, ബോണക്കാട്, നെയ്യാർഡാം, പൊന്മുടി, വർക്കല, പരവൂർ എന്നിവിടങ്ങളെയും ഉൾപ്പെടുത്തി. അങ്കണവാടി ജീവനക്കാർ, ആശാ വർക്കർ, പ്രീപ്രൈമറി അധ്യാപകർ, പാചകത്തൊഴിലാളികൾ, സാക്ഷരതാ പ്രവർത്തകർ എന്നിവരുടെ വേതന പ്രശ്നത്തിന് ഈവർഷം പരിഹാരം കാണും. എംഎൽഎമാരുടെ പ്രത്യേക വികസന ഫണ്ടിൽനിന്ന് ഗ്രാമവണ്ടി പദ്ധതിക്ക് തുക അനുവദിക്കാമെന്നും മന്ത്രി അറിയിച്ചു.
മറ്റു പ്രഖ്യാപനങ്ങൾ
● നിലമ്പൂർ ബൈപാസിന് അനുവദിച്ച തുക സ്ഥലമേറ്റെടുക്കലിന് ഉപയോഗിക്കാം
● കരമന– കളിയിക്കാവിള റോഡ് വികസനം അതിവേഗം പൂർത്തിയാക്കും
● കോഴിക്കോട്– എയർപോർട്ട് റോഡ് വികസിപ്പിക്കും
● മാജിക് പ്ലാനറ്റിലെ ഭിന്നശേഷിക്കാരുടെ കലാമേള സമ്മോഹനത്തിന് 20 ലക്ഷം രൂപ
● പാലക്കാട്ടെ കനാൽ നവീകരണപരിപാടിയിൽ വാളയാർ ഡാം പരിസരവും ഉൾപ്പെടുത്തും
●കേരള ബാർ കൗൺസിലിന്റെ കേരള ലോയേഴ്സ് അക്കാദമിക്ക് ഒരു കോടി
● പഞ്ചായത്തുതല സ്പോർട്സ് കൗൺസിൽ വിപുലീകരണപദ്ധതിയിൽ സ്കൂളുകളിലെ കായിക പരിശീലനത്തിന് മൂന്നു കോടി രൂപ
● അഷ്ടമുടി കായൽ ശുചീകരണത്തിന് അഞ്ചു കോടി
● കണ്ണൂർ വിമാനത്താവളത്തിൽ ഹജ്ജ് കേന്ദ്രത്തിന് ഒരു കോടി
● മലപ്പുറം– മൂടാൽ ബൈപാസിന് അഞ്ചു കോടി
● മട്ടന്നൂർ അന്തരാഷ്ട്ര യോഗ പരിശീലനകേന്ദ്രം പൂർത്തിയാക്കും
● മലപ്പുറം കെഎസ്ആർടിസി ബസ്സ്റ്റാൻഡ് പൂർത്തിയാക്കും
● പട്ടയം മിഷന് രണ്ടു കോടി
● എറണാകുളം സീപോർട്ട്– എയർപോർട്ട് റോഡ് നവീകരിക്കും