കൊച്ചി> കേരളത്തിന്റെ സ്വന്തം കെപിപിഎല്ലിൽ (കേരള പേപ്പര്‍ പ്രൊഡക്റ്റ്സ് ലിമിറ്റഡ്) നിര്‍മ്മിച്ച പേപ്പറില്‍ പത്രത്താളുകള്‍ പ്രിന്റ് ചെയ്ത് ‘ദി ഹിന്ദു’ പത്രം. കഴിഞ്ഞ ദിവസം അച്ചടിച്ച പത്രത്തിന്റെ തിരുവനന്തപുരം എഡിഷനിലെ 7,8,9,10 പേജുകളാണ് കേരള പേപ്പറില്‍ പ്രിന്റ് ചെയ്തിരിക്കുന്നതെന്ന് മന്ത്രി പി രാജീവ് ഫെയ്സ്ബുക്കിൽ കുറിച്ചു.
മൂന്ന് വർഷത്തോളം കേന്ദ്രസർക്കാർ പൂട്ടിയിട്ട ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് ലിമിറ്റഡ് ഏറ്റെടുക്കുകയും ഇവിടെ കേരള പേപ്പർ പ്രൊഡക്റ്റ്സ് ലിമിറ്റഡ് എന്ന പേരിൽ പുതിയ പൊതുമേഖലാ സ്ഥാപനം ആരംഭിക്കുകയും ചെയ്തത് സംസ്ഥാന സർക്കാരിന്റെ ഇച്ഛാശക്തിയും ദിശാബോധവും കൊണ്ട് മാത്രമാണ്. ഇതാ നമ്മൾ ചരിത്രം രചിക്കുന്നു, നമ്മൾ ഉയരങ്ങൾ താണ്ടുന്നു. പൊതുമേഖല എങ്ങനെ ബദലാകുമെന്ന് വീണ്ടും വീണ്ടും തെളിയിക്കുന്നെന്നും അദ്ദേഹം പറഞ്ഞു.