തിരുവനന്തപുരം > ഇന്ത്യയിൽനിന്ന് വിദേശത്തേക്ക് ഉന്നതവിദ്യാഭ്യാസത്തിനായി ഏറ്റവും കൂടുതൽ വിദ്യാർഥികൾ പോകുന്നത് ആന്ധ്രാപ്രദേശ്, പഞ്ചാബ്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽനിന്ന്. കേന്ദ്രസർക്കാർ പാർലമെന്റിൽ അവതരിപ്പിച്ച കണക്കു പ്രകാരം 2022 നവംബര് വരെ കഴിഞ്ഞ വര്ഷം 6,46,206 വിദ്യാര്ഥികള് ഇന്ത്യയില് നിന്ന് ഉന്നതവിദ്യാഭ്യാസത്തിനായി വിദേശത്തേക്ക് പോയിട്ടുണ്ട്. ഇതില് 12 ശതമാനം ആന്ധ്രാപ്രദേശില് നിന്നും 12 ശതമാനം പഞ്ചാബില് നിന്നും 11 ശതമാനം മഹാരാഷ്ട്രയില് നിന്നുമാണ് എന്ന് ഓക്സ്ഫോര്ഡ് ഇന്റര്നാഷണല് എന്ന സ്ഥാപനം നടത്തിയ മറ്റൊരു പഠനം സൂചിപ്പിക്കുന്നു. നാലു ശതമാനം വിദ്യാര്ത്ഥികളാണ് കേരളത്തില് നിന്നും വിദേശത്തേക്ക് പഠനത്തിനായി പോയത്.
2016 – 18,428
2017 – 22,093
2018 – 26,456
2019 – 30,948
2020 – 15,277 – എന്നിങ്ങനെയാണ് കേരളത്തിലെ വിദ്യാർത്ഥികളുടെ കുടിയേറ്റം എന്ന് മറ്റൊരു റിപ്പോര്ട്ട് സൂചിപ്പിക്കുന്നുണ്ട്.
കോവിഡിന്റെ പശ്ചാത്തലത്തിൽ കുറഞ്ഞ കുടിയേറ്റം 2022-23ൽ വീണ്ടും വർധിച്ചിട്ടുണ്ട്. പെർമനന്റ് റെസിഡൻസി, പോസ്റ്റ് ഗ്രാജുവേറ്റ് വര്ക്ക് പെര്മിറ്റ് തുടങ്ങിയവ നൽകുന്ന ആകർഷണത്തോടൊപ്പം, കൂടുതൽ സ്വതന്ത്രമായ സാമൂഹികാന്തരീക്ഷം ലഭ്യമാണ് എന്ന വിചാരവും, വികസിതരാജ്യങ്ങളുടെ ജീവിതനിലവാരത്തെപ്പറ്റിയുള്ള കാഴ്ചപ്പാടുകളും, വിദ്യാഭ്യാസവായ്പകളുടെ വര്ദ്ധിച്ച ലഭ്യതയുമാണ് ഈ കുടിയേറ്റത്തിന് കാരണമാകുന്നത്. നിയമസഭയിൽ മഞ്ഞളാംകുഴി അലി ഉന്നയിച്ച ഉന്നത ശ്രദ്ധ ക്ഷണിക്കലിന് ഉന്നതവിദ്യാഭ്യാസ – സാമൂഹ്യനീതി വകുപ്പ് മന്ത്രി ആ ബിന്ദു നൽകിയ മറുപടിയിലാണ് ഈ വിവരങ്ങൾ ഉള്ളത്.
കണക്കുകൾ സൂചിപ്പിക്കുന്നതു പ്രകാരം 2019ൽ 30,948 വിദ്യാർത്ഥികൾ കേരളത്തിൽ നിന്ന് വിദേശരാജ്യങ്ങളിൽ ഉപരിപഠനത്തിനായി പോയിട്ടുണ്ട്. എന്നാൽ കേന്ദ്രവിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കിയ പതിനൊന്നാം ഓള് ഇന്ത്യാ ഹയര് എഡ്യുക്കേഷന് സർവ്വേ പ്രകാരം കഴിഞ്ഞ അഞ്ചുവര്ഷം കൊണ്ട് കേരളത്തിൽ ഉന്നതവിദ്യാഭ്യാസ രംഗത്തെ ഗ്രോസ് എൻറോൾമെൻറ് റേഷ്യോ 10 ശതമാനം വർധിച്ചിരിക്കുകയാണ്.
(2016-17 – 32.4ശതമാനം
2017-18 – 34ശതമാനം
2018-19 – 34.5ശതമാനം
2019-20 – 35.9ശതമാനം
2020-21 – 43.2ശതമാനം). കഴിഞ്ഞ അഞ്ചുവര്ഷം സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ചേർന്ന വിദ്യാർത്ഥികളുടെ എണ്ണം ഗണ്യമായി വര്ധിച്ചിട്ടുണ്ടെന്നും സര്വ്വേ റിപ്പോര്ട്ടില് കാണാം.
2016-17 – 10,33,143
2017-18 – 10,82,917
2018-19 – 10,95,842
2019-20 – 11,37,853
2020-21 – 13,64,536
കഴിഞ്ഞ അഞ്ചുവര്ഷം കൊണ്ട് 3.3 ലക്ഷം കുട്ടികളാണ് കേരളത്തിലെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠനത്തിനായി കൂടുതലായി എത്തിയത്. കേരളത്തിൽ 2016-17 വർഷം മൊത്തം 55,007 അധ്യാപകർ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില് ഉണ്ടായിരുന്നുവെങ്കിൽ 2020-21ൽ ഇത് 61,080 ആയി ഉയർന്നു. അഞ്ചു വര്ഷം കൊണ്ട് 6,073 അദ്ധ്യാപകർ വർദ്ധിച്ചിട്ടുണ്ട്. സംസ്ഥാനത്തെ അധ്യാപക – വിദ്യാർത്ഥി അനുപാതം 1:16 ആണ്. ദേശീയ ശരാശരി 1:24 ആണ്.
തുടർപഠനത്തിനും തൊഴിലിനുമായി വിദ്യാർത്ഥികൾ ഇന്ത്യയിൽനിന്ന് വിവിധ വിദേശ രാജ്യങ്ങളിലേക്ക് കുടിയേറാറുണ്ട്. ഇത് രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും പ്രകടമാണ്. ഇന്ത്യയില് നിന്ന് വർഷങ്ങളോളമായി വിദേശരാജ്യങ്ങളിലേക്ക് വിദ്യാർത്ഥികൾ കുടിയേറുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പെർമനന്റ് റെസിഡൻസ്, പോസ്റ്റ് ഗ്രാജുവേറ്റ് വർക്ക് പെർമിറ്റ് എന്നിവ നൽകുന്ന രാജ്യങ്ങളിലേക്കാണ് കൂടുതൽ വിദ്യാർത്ഥികളും കുടിയേറുന്നതെന്ന് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ക്യാനഡ, ആസ്ട്രേലിയ മുതലായ രാജ്യങ്ങളില് വേണ്ടത്ര മാനവികവിഭവശേഷി ലഭ്യമല്ലാത്തതിനാല് അവര് കുടിയേറ്റവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള് ഉദാരമാക്കുകയാണ്.
കാലാവസ്ഥയുടെയും ഭൂമിശാസ്ത്രത്തിന്റെയും പ്രതികൂല സാഹചര്യങ്ങള് ഈ നാടുകള്ക്ക് പ്രതിബന്ധങ്ങള് സൃഷ്ടിക്കുമ്പോള്, അന്നാട്ടുകാരായ യുവജനങ്ങള് കൂടുതല് വികസിതരാജ്യങ്ങളിലേക്ക് മൈഗ്രേറ്റ് ചെയ്തുകൊണ്ടിരിക്കുകയാണ്. ആ ഇടങ്ങളിലേക്കാണ് ഇന്ത്യന് വിദ്യാര്ത്ഥികള് എത്തിച്ചേരുന്നത്. അവിടെ അതിസാധാരണമായ തൊഴിലുകളാണ് നമ്മുടെ വിദ്യാര്ത്ഥികള് ചെയ്യുന്നത്. ഉദാഹരണത്തിന്, ഓസ്ട്രേലിയയിൽ വയോജന പരിപാലനരംഗത്താണ് വന്തോതില് ഇന്ത്യന് വിദ്യാര്ത്ഥികള് ജോലി ചെയ്യുന്നത്.
രാജ്യത്ത് ഏറ്റവും അധികം കോളേജുകളുള്ള പത്തു സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം. കേരളത്തിൽ ഒരു ലക്ഷം വിദ്യാർത്ഥികൾക്ക് 50 കോളേജ് എന്ന അനുപാതത്തിൽ സ്ഥാപനങ്ങൾ ഉണ്ട്. ദേശീയ ശരാശരി ഒരു ലക്ഷം വിദ്യാർത്ഥികൾക്ക് 31 കോളേജ് മാത്രം ആണ്. ഇതോടൊപ്പം ഉന്നതവിദ്യാഭ്യാസ രംഗത്തെ സമഗ്ര പരിഷ്കരണത്തിനായി നിയമിച്ച മൂന്ന് കമ്മീഷനുകളുടയും റിപ്പോർട്ടുകളിലെ നിർദ്ദേശങ്ങൾ നടപ്പിലാക്കി തുടങ്ങുകയാണ് കേരളത്തിൽ.