കളമശേരി> എറണാകുളം ഗവ. മെഡിക്കൽ കോളേജിൽ വ്യാജ ജനനസർട്ടിഫിക്കറ്റ് ഉണ്ടാക്കിയ സംഭവത്തിൽ കോൺഗ്രസ് കളമശേരി മണ്ഡലം പ്രസിഡന്റ് പി എം നജീബ്, കളമശേരി സർവീസ് സഹകരണ ബാങ്ക് ഭരണസമിതി അംഗം മനാഫ് പുതുവായിൽ എന്നിവർ ഗൂഢാലോചന നടത്തിയതായി സൂചന. വ്യാജ ജനനസർട്ടിഫിക്കറ്റ് ഉണ്ടാക്കിയ കേസിലെ മുഖ്യപ്രതി മെഡിക്കൽ കോളേജ് അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് അനിൽകുമാറുമായി അടുത്തബന്ധം പുലർത്തുന്നവരാണ് ഇവർ.
കേസിലെ മറ്റൊരു പ്രതിയായ മെഡിക്കൽ കോളേജിലെ കിയോസ്ക് എക്സിക്യൂട്ടീവ് രഹനയുടെ ഭർത്താവ് യൂത്ത് കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റുമാണ്. വ്യാജ ജനനസർട്ടിഫിക്കറ്റ് ഉണ്ടാക്കാൻ അനിൽകുമാറിന് രഹനയുടെ സഹായം തരപ്പെടുത്തി കൊടുത്തതും ഇവരാണെന്നാണ് കരുതുന്നത്.
വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കിയ ജനുവരി 31ന് നജീബ് മെഡിക്കൽ കോളേജിലെത്തി അനിൽകുമാറുമായി ദീർഘനേരം സംസാരിച്ചിരുന്നു. വ്യാജ സർട്ടിഫിക്കറ്റ് കണ്ടെത്തിയ ഫെബ്രുവരി മൂന്നിന് പ്രിൻസിപ്പൽ തെളിവെടുക്കുമ്പോഴും നജീബും മനാഫും മെഡിക്കൽ കോളേജിലെത്തി. ചാനൽചർച്ചയിൽ അനിൽകുമാറിനുവേണ്ടി പങ്കെടുത്തത് മനാഫാണ്.
സംഭവത്തിൽ അനിൽകുമാറിന്റെ പങ്ക് പുറത്തുവന്നതോടെ ഒളിവിൽ പോകാൻ ഇവർ സഹായിച്ചതായി ആക്ഷേപമുണ്ട്. എറണാകുളത്തെ ക്ലബ്ബിൽവച്ച് നാലിന് വൈകിട്ട് ഒരു ചാനലിന് അനിൽകുമാറിന്റെ അഭിമുഖം തരപ്പെടുത്തിയതും ഇവരാണ്. മെഡിക്കൽ സൂപ്രണ്ട് ഗണേഷ് മോഹനനെ കുറ്റാരോപിതനാക്കാൻ മെഡിക്കൽ കോളേജിനുമുന്നിലും കളമശേരി എംഎൽഎ ഓഫീസിലും നടത്തുന്ന സമരത്തിന്റെ അണിയറശിൽപ്പികളും ഇവരാണ്.