ന്യൂഡൽഹി
കേന്ദ്ര ബജറ്റിൽ കേരളത്തോട് കാട്ടിയ അവഗണനയിലും കൊടിയ വഞ്ചനയിലും പ്രതിഷേധിച്ച് ഇടതുപക്ഷ എംപിമാർ പാർലമെന്റ് വളപ്പിൽ ധർണ നടത്തി. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി അഭിമുഖീകരിക്കവെയാണ് ബജറ്റിലെ അവഗണന. കാലങ്ങളായി ആവശ്യപ്പെടുന്ന റെയിൽവേ വികസനം, എയിംസ് തുടങ്ങിയവ കേന്ദ്രസർക്കാർ പരിഗണിക്കാൻപോലും തയ്യാറായില്ലന്ന് സിപിഐ എം രാജ്യസഭാ കക്ഷിനേതാവ് എളമരം കരീം കുറ്റപ്പെടുത്തി.
റബറിന്റെ ഇറക്കുമതി അവസാനിപ്പിക്കണമെന്നത് തൊഴിലാളികളുടെ ദീർഘനാളത്തെ ആവശ്യമാണ്. അടിസ്ഥാന സൗകര്യവികസനം, ക്ഷേമപദ്ധതികൾ തുടങ്ങിയവയ്ക്ക് പണം കണ്ടെത്താൻ സംസ്ഥാനം ബുദ്ധിമുട്ടുമ്പോൾ കേന്ദ്രം ബജറ്റിൽ കാട്ടിയ അവഗണന ക്രൂരമാണെന്നും എളമരം കൂട്ടിച്ചേർത്തു. എ എ റഹിം, പി സന്തോഷ് കുമാർ, ബിനോയ് വിശ്വം, ജോൺ ബ്രിട്ടാസ്, വി ശിവദാസൻ, തോമസ് ചാഴികാടൻ, ജോസ് കെ മാണി, പി ആർ നടരാജൻ എന്നിവർ പ്രതിഷേധത്തിൽ പങ്കെടുത്തു.