ന്യൂഡൽഹി
ഓഹരി തട്ടിപ്പ് ആക്ഷേപം നേരിടുന്ന അദാനി ഗ്രൂപ്പിന് പരസ്യപിന്തുണയുമായി സംഘപരിവാറും. ആർഎസ്എസിന്റെ മുഖവാരികയായ ഓർഗനൈസർ അദാനി ഗ്രൂപ്പിനെതിരായ ഹിൻഡൻബർഗ് കണ്ടെത്തലുകൾ ഇന്ത്യക്കെതിരായ ആക്രമണമാണെന്ന വിചിത്ര ന്യായവുമായി രംഗത്തെത്തി. മാത്രമല്ല ഹിൻഡൻബർഗ് അടക്കം അദാനി ഗ്രൂപ്പിന്റെ തട്ടിപ്പുകൾ തുറന്നുകാട്ടുന്നവർക്ക് പിന്നിൽ ഇടതുപക്ഷമാണെന്നും ആരോപിച്ചു. അദാനിയും അംബാനിയും മാത്രമാണ് ആക്രമിക്കപ്പെടുന്നതെന്നും എന്തുകൊണ്ട് ടാറ്റ, അസിം പ്രേംജി, നാരായണ മൂർത്തി തുടങ്ങിയവർ ലക്ഷ്യം വയ്ക്കപ്പെടുന്നില്ലെന്നും ഓർഗനൈസർ പരിഭവിക്കുന്നു.
സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ഭാര്യയും ‘ദി വയർ’ എഡിറ്ററുമായ സീമാ ചിസ്തി, ന്യൂസ് ക്ലിക്ക് സ്ഥാപക എഡിറ്റർ പ്രബീർ പുർകായസ്ത, മലയാളിയും ന്യൂസ്മിനിറ്റ് എഡിറ്ററുമായ ധന്യാ രാജേന്ദ്രൻ, അദാനി തട്ടിപ്പുകളെ കുറിച്ച് നിരവധി ലേഖനങ്ങൾ എഴുതിയിട്ടുള്ള രവി നായർ തുടങ്ങിയവരെ പേരെടുത്ത് ഓർഗനൈസർ വിമർശിക്കുന്നു.
ഇന്ത്യയിൽ ന്യൂസ് ക്ലിക്ക്, ദി വയർ, ന്യൂസ് മിനിറ്റ്, ആൾട്ട്ന്യൂസ്, ആർട്ടിക്കിൾ 14, ന്യൂസ് ലോൺഡ്രി, സ്ക്രോൾ, ക്വിന്റ് എന്നീ വാർത്താപോർട്ടലുകൾ ഉൾപ്പെട്ട ഡിജിപബ്ബ് കൂട്ടായ്മയെയും ആർഎസ്എസ് വാരിക കടന്നാക്രമിക്കുന്നു. ഇന്ത്യ എന്നാൽ അദാനി എന്ന തരത്തിലാണ് ഓർഗനൈസർ ചിത്രീകരിക്കുന്നത്.