ന്യൂഡൽഹി
ചൈനീസ് ബന്ധമുള്ള 232 വാതുവയ്പ്, വായ്പ ആപ്പുകൾ നിരോധിക്കാൻ കേന്ദ്രസർക്കാർ. ആഭ്യന്തരമന്ത്രാലയത്തിന്റെ നിർദേശത്തിൽ ഇലക്ട്രോണിക്സ് ആൻഡ് ഐടി വകുപ്പാണ് നീക്കം തുടങ്ങിയത്. ഇതിൽ 138 എണ്ണം വാതുവയ്പ് ആപ്പും 94എണ്ണം വായ്പ ആപ്പുമാണ്. ആപ്പുകൾ വഴി വായ്പയെടുത്തവർ തിരിച്ചടവിൽ വീഴ്ചവരുത്തിയാൽ ഭീഷണി സന്ദേശങ്ങളും മറ്റും ഇന്ത്യയിലെ നടത്തിപ്പുകാർ പതിവാക്കിയതോടെ ആന്ധ്രപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിൽ ആത്മഹത്യകൾ റിപ്പോർട്ട് ചെയ്തിരുന്നു. വാതുവയ്പ്പിന് പണമെടുത്തവരുടെയും സ്ഥിതി സമാനമാണ്. പ്രതിവർഷം എടുത്ത തുകയുടെ മൂവായിരം ശതമാനം പലിശ ഈടാക്കുന്നതായും ആക്ഷേപമുണ്ട്.
ചൈനയുമായുള്ള അതിർത്തി സംഘർഷത്തെ തുടർന്ന് ടിക്ടോക്, വീചാറ്റ് തുടങ്ങി ഇരുനൂറോളം ആപ്പുകൾ കേന്ദ്രം നിരോധിച്ചിരുന്നു.