തിരുവനന്തപുരം
എത്ര ബുദ്ധിമുട്ടിയാലും അവശരുടെയും അശരണരുടെയും ഏക ആശ്രയമായ ക്ഷേമപെൻഷൻ മുടക്കില്ലെന്ന് ഉറപ്പിച്ച് സംസ്ഥാന സർക്കാർ. ക്ഷേമ പെൻഷൻ ഒരിക്കലും തടസ്സപ്പെടാതിരിക്കാനാണ് സീഫ് ഫണ്ട് (അടിസ്ഥാന നിധി) ബജറ്റിലൂടെ പ്രഖ്യാപിച്ചത്. എല്ലാ മാസവും ആവശ്യത്തിന് ട്രഷറിയിൽ പണമില്ലെങ്കിലും പെൻഷൻ വിതരണം സാധ്യമാക്കാനാണിത്. മദ്യത്തിനും പെട്രോളിനും ഡീസലിനും ചെറിയ സെസ് ഏർപ്പടുത്തുന്നതും ഇതിനാണ്. കേന്ദ്രം ഈടാക്കുന്ന സെസിന്റെ പത്തിലൊന്നുമാത്രമാണ് സംസ്ഥാന നിർദേശം.
പ്രതിമാസം 1600 രൂപവീതം 62 ലക്ഷം പേർക്ക് കേരളം ക്ഷേമ പെൻഷൻ നൽകുന്നു. യുഡിഎഫ് സർക്കാരിന്റെ കാലത്ത് പ്രതിമാസ ക്ഷേമ പെൻഷനു വേണ്ടത് 270 കോടി രൂപയായിരുന്നു. നിലവിൽ 950 കോടിയും. യുഡിഎഫ് 33 ലക്ഷം പേർക്ക് മാസം 600 രൂപ നൽകി. എന്നിട്ടും 18 മാസം കുടിശ്ശികയാക്കി. പിന്നീട് എൽഡിഎഫ് സർക്കാരാണ് ഇത് നൽകിയത്.
കേന്ദ്രം കഴുത്തുഞെരിക്കുമ്പോഴും വികസന, ക്ഷേമ പ്രവർത്തനങ്ങൾ എൽഡിഎഫ് സർക്കാർ മുടക്കിയിട്ടില്ല. സർക്കാർ ജീവനക്കാരുടെ ശമ്പളവും പെൻഷനുമായി 70,000 കോടി രൂപ വേണം. ക്ഷേമ പെൻഷന് 11,000 കോടി. വിലിക്കയറ്റം തടയാൻ 2190 കോടി. സ്റ്റൈപെൻഡുകൾക്കും സ്കോളർഷിപ്പുകൾക്കും 1013 കോടി. മറ്റ് ക്ഷേമ, വികസന പദ്ധതികൾക്കും അനേകം കോടി വേറെയും. ആശുപത്രികളുടെയും വിദ്യാലയങ്ങളുടെയും റോഡുകളുടെയുമൊക്കെ വികസനവും വൻകിട പദ്ധതികളും അതിവേഗം മുന്നേറുന്നു.
പ്രതീക്ഷിത വരുമാനം കുത്തനെ ഇടിയുമ്പോൾ അധിക വിഭവസമാഹരണമില്ലാതെ പ്രതിസന്ധി മറികടക്കാനാകില്ല. കടമെടുക്കാനുള്ള അവകാശവും കേന്ദ്രം കവർന്നു. ബജറ്റിനു പുറത്ത് പെൻഷൻ കമ്പനിയുടെ താൽക്കാലിക കടത്തിൽ പെൻഷൻ വിതരണം ഉറപ്പാക്കുന്നതും കേന്ദ്രം തടയിടുന്നു. താൽക്കാലിക കടവും സർക്കാർ കടമാക്കി, കടമെടുപ്പ് അവകാശം കുറയ്ക്കുന്നു. ഇത് വികസനാവശ്യങ്ങൾക്കുള്ള കടമെടുപ്പിനെയും ബാധിക്കുന്നു.