ആലപ്പുഴ > ജനങ്ങൾ ഏറ്റെടുത്ത കെഎസ്ആർടിസി വിനോദയാത്രയിൽ ഇനി ജലസവാരിയും. കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ നടത്തുന്ന ട്രിപ്പിൽ പുരവഞ്ചി – ബോട്ടുയാത്ര കൂടി ഉൾപ്പെടുത്തി “കെഎസ്ആർടിസി ക്രൂയിസ് ലൈൻ’ എന്ന പേരിൽ പുതിയ ടൂർ പാക്കേജ് നടപ്പാക്കും. പാക്കേജിൽ കെഎസ്ആർടിസിക്കായി സർവീസുകൾ നടത്താൻ സ്വകാര്യ പുരവഞ്ചി – ബോട്ടുടമകളെ തെരഞ്ഞെടുക്കാൻ നടപടിയായി. ക്വട്ടേഷൻ 22 വരെ നൽകാം.
ജില്ലകൾതോറുമുള്ള ടൂറിസം സെല്ലിന്റെ നേതൃത്വത്തിലാണ് വിനോദയാത്ര സംഘടിപ്പിക്കുന്നത്. ക്വട്ടേഷൻ സ്വീകരിക്കാൻ തിരുവനന്തപുരം സൗത്ത്, തിരുവനന്തപുരം നോർത്ത്, കൊല്ലം, പത്തനതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി, കണ്ണൂർ, കോഴിക്കോട്, വയനാട് ജില്ലാ അധികാരികളെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്.
ക്വട്ടേഷനിൽ തെരഞ്ഞെടുക്കുന്നയാളും കെഎസ്ആർടിസിയുമായി ഒരു വർഷംമുതൽ മൂന്നുവർഷംവരെയാണ് കരാർ. തൃപ്തികരവും സഞ്ചാരികളിൽ മതിപ്പുള്ളതുമായ ഉടമകളുമായി കമ്മിറ്റി അംഗീകാരത്തോടെ കരാർ കാലാവധി നീട്ടുന്നത് പരിഗണിക്കും. ജലയാത്രയ്ക്കുള്ള സുരക്ഷാമാർഗങ്ങളും ഇൻഷുറൻസ് പരിരക്ഷയും ഉടമ ഏർപ്പെടുത്തണം. ക്വട്ടേഷൻ 22ന് വൈകിട്ട് നാലിന് തുറക്കും. ടെൻഡർ അംഗീകരിച്ചാൽ കുറഞ്ഞത് ഒരുമാസമെങ്കിലും പുരവഞ്ചി–-ബോട്ട് സൗകര്യത്തിന്റെ നിലവാരവും യാത്രക്കാരുടെ പ്രതികരണവും കെഎസ്ആർടിസി പരിശോധിക്കും. തൃപ്തികരമെങ്കിലേ വ്യവസ്ഥകൾ അംഗീകരിച്ച് കരാറിൽ ഏർപ്പെടൂ.
കുറഞ്ഞത് 30 പേർക്കെങ്കിലും യാത്രചെയ്യാവുന്ന പുരവഞ്ചി-ബോട്ടുകളാണ് പരിഗണിക്കുക. യാത്രാസമയം, വെൽക്കം ഡ്രിങ്സ്, ഉച്ചഭക്ഷണം, ചായ / ലഘുഭക്ഷണം എന്നിവയടക്കം ബോട്ടുടമ നൽകുന്ന സർവീസുകൾ പരിശോധിക്കും. രാത്രികാല പുരവഞ്ചി യാത്രയും ഉണ്ടാകും. ബജറ്റ് ടൂറിസം സെൽ ഏർപ്പെടുത്തുന്ന ഓണ്ലൈന് സംവിധാനത്തിലൂടെ യാത്രികര്ക്ക് ഇഷ്ടമുള്ള ക്രൂയിസുകൾ തെരഞ്ഞെടുക്കാനും കഴിയുമെന്ന് ജില്ലാ കോ-ഓർഡിനേറ്റർ ഷെഫീഖ് ഇബ്രാഹിം പറഞ്ഞു. ഫോൺ: 9846475874.