അഹമ്മദാബാദ്
ഏകദിന ക്രിക്കറ്റിൽ വേഗത്തിൽ ഇരട്ടസെഞ്ചുറി പൂർത്തിയാക്കുന്ന ബാറ്ററെന്ന റെക്കോഡ് ഇഷാൻ കിഷൻ സ്വന്തമാക്കിയത് കഴിഞ്ഞ ഡിസംബറിലായിരുന്നു. ഈ വർഷം നടക്കുന്ന ഏകദിന ലോകകപ്പിൽ ഓപ്പണറായി ഇന്ത്യൻ ടീം മറ്റൊരാളെ തേടേണ്ടതില്ല എന്നായിരുന്നു അന്ന് മുൻ ഓസ്ട്രേലിയൻ പേസർ ബ്രെറ്റ് ലീ നടത്തിയ പ്രതികരണം. ഇരട്ടസെഞ്ചുറി നേടി ഒരു മാസം കഴിയുമ്പോൾ ഇന്ത്യൻ ടീമിലെ സ്ഥാനംതന്നെ ഇഷാൻ കിഷന് ഉറപ്പില്ലാതായിരിക്കുന്നു. ശേഷമുള്ള ഒമ്പത് ഇന്നിങ്സുകളിൽ 94 റൺ മാത്രമാണ് നേടിയത്. ഡിസംബർ 10ന് ബംഗ്ലാദേശിനെതിരായ മൂന്നാം ഏകദിനത്തിലായിരുന്നു ഈ ഇടംകൈയന്റെ ഇരട്ടസെഞ്ചുറി. വേഗത്തിലുള്ള ഇരട്ടസെഞ്ചുറിയെന്ന റെക്കോഡിനുപിന്നാലെ ശുഭ്മാൻ ഗിൽ തിരുത്തി.
ചിറ്റഗോങ്ങിൽ ബംഗ്ലാദേശുമായുള്ള ഏകദിനത്തിനുശേഷം ശ്രീലങ്കയുമായുള്ള ട്വന്റി 20യിലാണ് കിഷൻ ഇറങ്ങിയത്. ആദ്യ കളിയിൽ 37 റണ്ണടിച്ചു. തുടർന്നുള്ള മത്സരങ്ങളിൽ 2,1 എന്നിങ്ങനെയായിരുന്നു സ്കോറുകൾ. ഏകദിന പരമ്പരയിൽ അവസരം കിട്ടിയില്ല. ലോകേഷ് രാഹുലായിരുന്നു വിക്കറ്റ് കീപ്പർ.
ന്യൂസിലൻഡുമായുള്ള ഏകദിന പരമ്പരയിൽ വിക്കറ്റിന് പിന്നിലെത്തിയെങ്കിലും ജാർഖണ്ഡുകാരൻ നിരാശപ്പെടുത്തി. മൂന്ന് കളിയിൽ 30 റൺ മാത്രം.
ട്വന്റി 20യിൽ ഗില്ലിനൊപ്പം ഓപ്പണറായെത്തി. പക്ഷേ, അവിടെയും നിരാശപ്പെടുത്തി. മൂന്ന് കളിയിൽ നേടിയത് 24 റൺ. അവസാന മത്സരത്തിൽ ഗിൽ ഉൾപ്പെടെയുള്ള ബാറ്റർമാർ തകർത്താടിയപ്പോൾ കിഷന്റെ സമ്പാദ്യം ഒരു റണ്ണായിരുന്നു. പൃഥ്വി ഷാ ഉൾപ്പെടെയുള്ള വെടിക്കെട്ട് ബാറ്റർമാർ അവസരത്തിനായി നിൽക്കുമ്പോൾ കിഷന് സമ്മർദം കൂടും.