തൃക്കാക്കര> കുടിവെള്ള ടാങ്കർലോറി നിയന്ത്രണംവിട്ട് റോഡരികിൽ നിർത്തിയിട്ടിരുന്ന 21 വാഹനങ്ങൾ ഇടിച്ചുതെറിപ്പിച്ചു. ആറ് കാറുകളും 15 ഇരുചക്രവാഹനങ്ങളും തകർന്നു. കാക്കനാട് ഇൻഫോപാർക്ക് കാർണിവൽ ക്യാമ്പസിനുമുമ്പിലെ ഹൈവേയിൽ വ്യാഴം പകൽ 12നായിരുന്നു അപകടം. കരിമുകൾഭാഗത്തുനിന്ന് ഇടച്ചിറയിലേക്ക് കുടിവെള്ളം നിറയ്ക്കാൻ എത്തിയ ടാങ്കർലോറിയാണ് നിയന്ത്രണംവിട്ട് റോഡരികിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങൾ ഇടിച്ചുതെറിപ്പിച്ചത്. ഒരു കാറും നാല് ഇരുചക്രവാഹനവും ടാങ്കർലോറി കയറി പൂർണമായും തകർന്നു.
നിരയായി നിർത്തിയിട്ടിരുന്ന വാഹനങ്ങളിലേക്ക് അമിതവേഗത്തിൽ വന്ന ടാങ്കർ ഇടിച്ചുകയറിയാണ് കൂടുതൽ വാഹനങ്ങൾ തകർന്നത്. തകർന്ന വാഹനങ്ങളെല്ലാം ഇൻഫോപാർക്കിലെ ജീവനക്കാരുടേതാണ്. വാഹനയുടമകളുടെ പരാതിയിൽ ടാങ്കർലോറി ഡ്രൈവർ വയനാട് സ്വദേശി പി എസ് ദിബീഷിനെ ഇൻഫോപാർക്ക് പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇൻഫോപാർക്കിനുമുമ്പിൽ അനധികൃതമായി വാഹനങ്ങൾ നിർത്തിയിട്ടിരിക്കുന്നതുമൂലം അപകടങ്ങൾ പതിവാകുന്നതായി നാട്ടുകാർ പരാതിപ്പെട്ടു.