തിരുവനന്തപുരം> സാധാരണ ജനങ്ങളെയും അവർ അനുഭവിക്കുന്ന പ്രശ്നങ്ങളേയും ക്രൂരമായി അവഗണിച്ച ബജറ്റാണ് ബുധനാഴ്ച ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ചതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കേരളത്തിന് കടുത്ത നിരാശ സമ്മാനിക്കുന്ന ബജറ്റാണിത്. എയിംസ് ഉൾപ്പെടെയുള്ള പദ്ധതികൾ പ്രഖ്യാപിച്ചില്ലെന്ന് മാത്രമല്ല കടമെടുപ്പുപരിധി വർധിപ്പിക്കാനോ, സിൽവർലൈൻ ഉൾപ്പെടെയുള്ള വികസന പദ്ധതികൾക്ക് അംഗീകാരം നൽകാനോ കേന്ദ്രം തയ്യാറായില്ല. കേരളത്തിന് അർഹതപ്പെട്ട വിഹിതവും നീക്കിവെച്ചിട്ടില്ല. സംസ്ഥാനത്തെ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങൾക്കുള്ള ധനസഹായത്തിലും വെട്ടിക്കുറവ് വരുത്തി. ഇറക്കുമതി ചുങ്കം വർദ്ധിപ്പിച്ച് നേരിയ ആശ്വാസം നൽകിയെങ്കിലും റബ്ബർ മേഖല ഇന്ന് അഭിമുഖീകരിക്കുന്ന ഗുരുതര പ്രതിസന്ധി പരിഹരിക്കാൻ ബജറ്റിൽ ഒരു നിർദ്ദേശവുമില്ല. തോട്ടം മേഖലയെ പൂർണമായും അവഗണിക്കുന്നതാണ് ബജറ്റ്.
സമൂഹത്തിൽ പ്രബലരും, അതിസമ്പന്നരുമാണ് സമ്പത്ത് ഉൽപാദിപ്പിക്കുന്നവരെന്നും അതിനാൽ ഇവർക്ക് സൗജന്യങ്ങൾ വാരിക്കോരി നൽകിയാൽ പാവങ്ങളും സ്വാഭാവികമായും രക്ഷപ്പെടുമെന്ന നവഉദാരവാദനയമാണ് ബജറ്റിന്റെ അന്തസത്ത. അതുകൊണ്ടാണ് തൊഴിലില്ലായ്മ രൂക്ഷമാകുകയും, കൂലിയിൽ കുറവുണ്ടാകുകയും, പട്ടിണി വ്യാപകമാകുകയും ചെയ്യുമ്പോഴും സാമൂഹ്യ മേഖലയിൽ നിക്ഷേപം നടത്താൻ കേന്ദ്രം വിസമ്മതിച്ചത്.
അധ്വാനിക്കുന്ന ജനവിഭാഗത്തിന്റെ താൽപര്യങ്ങൾക്ക് ഇടം ലഭിക്കാത്ത ബജറ്റിൽ തൊഴിൽ, ഭക്ഷണം, കൃഷി, പെൻഷൻ തുടങ്ങിയ എല്ലാ മേഖലകൾക്കുമുള്ള വിഹിതം വെട്ടിക്കുറച്ചിരിക്കുകയാണ്. തൊഴിലുറപ്പ് പദ്ധതിക്കുള്ള വിഹിതവും, കുട്ടികൾക്കുള്ള ഉച്ചഭക്ഷണ പദ്ധതിക്കുള്ള വിഹിതവും, ഭക്ഷ്യ സബ്സിഡിയും വെട്ടിക്കുറച്ചത് ദാരിദ്ര്യവും, പട്ടിണിയും വർധിപ്പിക്കാനേ സഹായിക്കൂ. ജനങ്ങളുടെ ജീവിത പ്രശ്നങ്ങളല്ല മറിച്ച് കടുത്ത വർഗീയ പ്രചരണമാണ് പൊതുതെരഞ്ഞെടുപ്പ് ഫലത്തെ നിശ്ചയിക്കുകയെന്ന അഹങ്കാരമാണ് ജനവിരുദ്ധ ബജറ്റിൽ നിഴലിക്കുന്നത്. ഡിജിറ്റലൈസേഷന്റെ മറവിൽ സഹകരണ മേഖലയിൽ ഇടപെടാനുള്ള നീക്കം അപകടകരമാണെന്നും ഏത് കോണിലുടെ നോക്കിയാലും മനുഷ്യത്വരഹിതമായ ബജറ്റിനെതിരെ ശക്തമായ പ്രതിഷേധം ഉയർത്താൻ ജനങ്ങൾ ജനങ്ങൾ മുന്നോട്ടുവരണമെന്നും എം വി ഗോവിന്ദൻ പ്രസ്താവനയിൽ പറഞ്ഞു.