ന്യൂയോര്ക്ക് > ദേശീയവാദം ഉയര്ത്തി അദാനി ഇന്ത്യയില് നടത്തിയ കൊള്ള മറച്ചുവെക്കാനാവില്ലെന്ന് ഹിന്ഡന്ബര്ഗ് റിസര്ച്ച്. വസ്തുതാപരമായ ചോദ്യങ്ങള് വഴിതിരിച്ചുവിടാനാണ് അദാനി ശ്രമിക്കുന്നതെന്നും ഹിന്ഡന്ബര്ഗ് ആരോപിച്ചു. ഹിന്ഡന്ബര്ഗിന്റെ ആരോപണങ്ങള് പച്ചക്കള്ളമാണെന്നും, തനിക്കെതിരായ റിപ്പോര്ട്ട് ഇന്ത്യക്കെതിരായ ആക്രമണമാണെന്നുമുള്ള അദാനിയുടെ മറുപടിയില് പ്രതികരിക്കുകയായിരുന്നു ഹിന്ഡന്ബര്ഗ് റിസര്ച്ച്.
‘തട്ടിപ്പ് തട്ടിപ്പ് തന്നെയാണ്, അത് ലോകത്തെ ഏറ്റവും വലിയ കോടീശ്വരന്മാരില് ഒരാളാണ് ചെയ്യുന്നതെങ്കില് പോലും. ഇന്ത്യയുടെ പുരോഗതി അദാനി തടസപ്പെടുത്തുന്നു. വിദേശത്തെ സംശയകരമായ ഇടപാടുകളെപ്പറ്റി അദാനി മറുപടി പറഞ്ഞിട്ടില്ല. 413 പേജുള്ള അദാനിയുടെ കുറിപ്പില് ഞങ്ങളുടെ റിപ്പോര്ട്ടുമായി ബന്ധപ്പെട്ട വിഷയങ്ങളില് മറുപടികളുള്ളത് 30 പേജില് മാത്രമാണ്. ബാക്കിയുള്ള പ്രതികരണത്തില് 330 പേജുള്ള കോടതി രേഖകളും, 53 പേജുകളില് സാമ്പത്തിക, പൊതു വിവരങ്ങളും സ്ത്രീ സംരഭകത്വത്തെത്തെയും സുരക്ഷിതമായ പച്ചക്കറി ഉത്പാദനത്തെയും പ്രോത്സാഹിപ്പിക്കുന്നതെങ്ങനെ, തുടങ്ങിയ അപ്രസക്തമായ കോര്പ്പറേറ്റ് സംരഭങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങളാണ്,’ ഹിന്ഡന്ബര്ഗ് റിസര്ച്ച് മറുപടിക്കുറിപ്പില് പറഞ്ഞു.
88 ചോദ്യങ്ങളില് 62 എണ്ണത്തിനും കൃത്യമായ മറുപടി നല്കാന് അദാനി ഗ്രൂപ്പിന് കഴിഞ്ഞിട്ടില്ലെന്നും മറുപടിയില് ഹിന്ഡന്ബര്ഗ് സൂചിപ്പിക്കുന്നുണ്ട്. അദാനിയുടെ മറുപടിയോടുള്ള വിശദമായ പ്രതികരണവും ഹിന്ഡന്ബര്ഗ് റിസര്ച്ച് അവരുടെ വൈബ്സൈറ്റില് പ്രസിദ്ധീകരിച്ചിട്ടുണ്ട്.