ന്യൂഡൽഹി> സെപ്തംബർ ഏഴിന് കന്യാകുമാരിയിൽ നിന്ന് ആരംഭിച്ച രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര ഞായറാഴ്ച ശ്രീനഗറിൽ സമാപിച്ചു. ശ്രീനഗറിലെ ലാൽചൗക്കിൽ രാഹുൽ ഗാന്ധി ദേശീയ പതാക ഉയർത്തി. യാത്രയുടെ സമാപനം മുൻനിർത്തി തിങ്കളാഴ്ച ശ്രീനഗറിലെ എസ്കെ സ്റ്റേഡിയത്തിൽ കോൺഗ്രസ് റാലി സംഘടിപ്പിക്കും. വിവിധ പ്രതിപക്ഷ പാർടി പ്രതിനിധികളും റാലിയ്ക്കെത്തും.
ഞായറാഴ്ച ശ്രീനഗറിന് സമീപം പന്താചൗക്കിൽ നിന്നാണ് യാത്രയ്ക്ക് തുടക്കമായത്. പ്രിയങ്കാ ഗാന്ധിയും അവസാന ദിവസത്തെ യാത്രയിൽ പങ്കാളിയായി. യാത്ര മുൻനിർത്തി ശ്രീനഗറിൽ വലിയ സുരക്ഷാസന്നാഹമാണ് ഒരുക്കിയിരുന്നത്. കടകമ്പോളങ്ങൾ അടഞ്ഞുകിടന്നു. ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തി. ലാൽചൗക്കിൽ ശനിയാഴ്ച മുതൽ വാഹനങ്ങൾക്ക് പ്രവേശനം അനുവദിച്ചിരുന്നില്ല. ശ്രീനഗറിലെ പ്രധാന റോഡുകളിലെല്ലാം ബാരിക്കേഡുകളും മുൾവേലികളും തീർത്ത് യാത്രയ്ക്ക് സംരക്ഷണമൊരുക്കി.
നഗരത്തിലെ കോൺഗ്രസ് ഓഫീസിൽ പതാക ഉയർത്താനായിരുന്നു അധികൃതർ ആദ്യം അനുമതി നൽകിയിരുന്നത്. തിങ്കളാഴ്ചയായിരുന്നു പതാക ഉയർത്തൽ തീരുമാനിച്ചിരുന്നത്. ലാൽചൗക്കിൽ പതാക ഉയർത്താൻ ശനിയാഴ്ച രാത്രിയോടെ അനുമതിയായി. എന്നാൽ തിങ്കളാഴ്ച പറ്റില്ലെന്നും ഞായറാഴ്ച തന്നെ ചടങ്ങ് സംഘടിപ്പിക്കണമെന്നും അധികൃതർ നിബന്ധന വെച്ചു.
12 സംസ്ഥാനങ്ങളിലൂടെയും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലൂടെയും ജോഡോ യാത്ര കടന്നുപോയി. സംഘപരിവാറിന്റെ വിദ്വേഷരാഷ്ട്രീയത്തിന് എതിരായാണ് യാത്രയെന്ന് കോൺഗ്രസ് നേതൃത്വം അവകാശപ്പെട്ടെങ്കിലും ബിജെപിയുടെ ശക്തികേന്ദ്രമായ ഗുജറാത്ത് പോലുള്ള സംസ്ഥാനങ്ങളിലേക്ക് യാത്ര കടന്നതേയില്ല. ബിജെപി ഭരിക്കുന്ന യുപിയിൽ കേവലം മൂന്നുദിവസം മാത്രമാണ് രാഹുൽ സഞ്ചരിച്ചത്.