തിരുവനന്തപുരം> സ്വകാര്യവൽക്കരണത്തിനും മതമൗലികവാദത്തിനുമെതിരെ പോരാട്ടം ശക്തമാക്കുമെന്ന് ഓൾ ഇന്ത്യ കൗൺസിൽ ഓഫ് ബാങ്ക് ഓഫ് ബറോഡ എംപ്ലോയീസ് അസോസിയേഷൻ (എഐസിബിബിഇഎ) ദേശീയ സമ്മേളനം. പൊതുമേഖലാ ബാങ്കുകളുടെ സ്വകാര്യവൽക്കരണം ഉപേക്ഷിക്കുക, എൻപിഎസിന് പകരം പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കുക, ആവശ്യത്തിന് ജീവനക്കാരെ നിയമിക്കുക, താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുക തുടങ്ങിയ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു.
പ്രതിനിധി സമ്മേളനം ബെഫി അഖിലേന്ത്യ വൈസ് പ്രസിഡന്റ് പ്രദീപ് ബിശ്വാസ് ഉദ്ഘാടനംചെയ്തു. അഷീസ് സെൻ അനുസ്മരണ പ്രഭാഷണം പി സദാശിവൻ പിള്ള നിർവഹിച്ചു. വിവിധ സംസ്ഥാനങ്ങളിൽനിന്നായി ഇരുനൂറോളം പ്രതിനിധികൾ പങ്കെടുത്ത സമ്മേളനം ഞായറാഴ്ച സമാപിച്ചു. സമ്മേളനത്തിന്റെ ഭാഗമായി നടന്ന വനിതാ സമ്മേളനം അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് ടി ഗീനാകുമാരി ഉദ്ഘാടനം ചെയ്തു.
ബാങ്ക് ഓഫ് ബറോഡ എംപ്ലോയീസ് അസോസിയേഷൻ അഖിലേന്ത്യ വനിതാ സബ് കമ്മിറ്റി ചെയർപേഴ്സൺ സംഗീത ചക്രവർത്തി അധ്യക്ഷനായി. അഖിലേന്ത്യ കൺവീനർ കെ എസ് രമ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന വനിതാ കൺവീനർ ശ്രീകല സ്വാഗതവും സ്മിത ജോസ് നന്ദിയും പറഞ്ഞു.
ജി സതീഷ്, പാർത്ഥ മജൂംദാർ, കല്ലൊൽ കുണ്ഡു
ജി സതീഷ് പ്രസിഡന്റ്, പാർഥ മജുംദാർ ജനറൽ സെക്രട്ടറി
ഓൾ ഇന്ത്യ കൗൺസിൽ ഓഫ് ബാങ്ക് ഓഫ് ബറോഡ എംപ്ലോയീസ് അസോസിയേഷൻ പ്രസിഡന്റായി ജി സതീഷിനെയും (കേരളം) ജനറൽ സെക്രട്ടറിയായി പാർഥ മജുംദാറിനെയും (പശ്ചിമ ബംഗാൾ) തെരഞ്ഞെടുത്തു. ട്രഷറർ: കല്ലൊൽ കുണ്ഡു (പശ്ചിമ ബംഗാൾ). കേരളത്തിൽനിന്നുള്ള പ്രതിനിധികൾ: എൻ നന്ദകുമാർ, കെ എസ് രമ (വൈസ് പ്രസിഡന്റുമാർ), എസ് എൽ ദിലീപ് (ഡെപ്യൂട്ടി സെക്രട്ടറി), കെ സി പ്രവീൺ (ജോയിന്റ് സെക്രട്ടറി).