തിരുവനന്തപുരം > കൺഫർമേഷൻ നൽകിയിട്ടും പരീക്ഷ എഴുതാൻ സാധിക്കാത്ത ഉദ്യോഗാർഥികൾ ആശങ്കപ്പെടേണ്ടതില്ല. ഹാജരാകാത്തതിന് ത്യപ്തികരമായ വിശദീകരണം നൽകിയില്ലെങ്കിൽ മാത്രമേ പ്രൊഫൈൽ മരവിപ്പിക്കൽ അടക്കമുള്ള കടുത്തനടപടികളെടുക്കൂയെന്ന് പിഎസ്സി അധികൃതർ അറിയിച്ചു.
കൺഫർമേഷൻ നൽകിയിട്ടും ഹാജരാകാത്ത ഉദ്യോഗാർഥികൾക്ക് നിശ്ചിത മാതൃകയിൽ തെളിവ് സഹിതം വിശദീകരണം നൽകാൻ അവസരം ഒരുക്കും. ആരോഗ്യപ്രശ്നങ്ങൾ,അടുത്ത ബന്ധുവിന്റെ മരണം, സ്വന്തം വിവാഹം, പിഎസ്സി പരീക്ഷാ ദിവസം മറ്റു പരീക്ഷകൾ തുടങ്ങിയ കാരണങ്ങൾക്കെല്ലാം വിശദീകരണം നൽകാം. മെഡിക്കൽ സർട്ടിഫിക്കറ്റ്, മറ്റ് പരീക്ഷകളുടെ ഹാൾ ടിക്കറ്റ്, വിവാഹ മരണ സർട്ടിഫിക്കറ്റ് എന്നിവയെല്ലാം തെളിവായി നൽകാം. ഉദ്യോഗാർഥികൾക്ക് ഓൺലൈനായി വിശദീകരണം നൽകാനും ഭാവിയിൽ സൗകര്യമൊരുക്കും.
ലഭിക്കുന്ന അപേക്ഷകളുടെ എണ്ണത്തിന് അനുസരിച്ച് ചോദ്യപേപ്പർ, ഒഎംആർ ഉത്തരക്കടലാസ് എന്നിവ അച്ചടിച്ച് വിതരണം ചെയ്യുന്നതിനും പരീക്ഷാ കേന്ദ്രങ്ങൾ തെരഞ്ഞെടുക്കുവാനും വലിയ സാമ്പത്തിക ബാധ്യതയാണ് പിഎസ്സിക്ക് ഉണ്ടാകുന്നത്. എന്നാൽ കൺഫർമേഷൻ നൽകിയവരിൽ അമ്പത് ശതമാനത്തിൽ താഴെ ഉദ്യോഗാർഥികൾ മാത്രമാണ് മിക്ക പരീക്ഷകൾക്കും ഹാജരാകുന്നതെന്നും പിഎസ്സി അറിയിച്ചു.
ഓൺലൈൻ പ്രൊഫൈൽ തിരുത്തൽ ആരംഭിച്ചു
പിഎസ്സി ഉദ്യോഗാർഥികൾ പ്രൊഫൈലിലെ വിവരങ്ങൾ സ്വയം തിരുത്തി തുടങ്ങി. വ്യാഴാഴ്ച മുതലാണ് പ്രൊഫൈലിൽ സേവനം ലഭ്യമായി തുടങ്ങിയത്. ഹോം പേജിലെ മൈ പ്രൊഫൈൽ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ “ആഡ് പ്രൊഫൈൽ ഡീറ്റെയിൽസ് ‘, “പ്രൊഫൈൽ കറക്ഷൻ എന്നിങ്ങനെ ഓപ്ഷനുണ്ടാകും ‘ ഇതിൽ ക്ലിക്ക് ചെയ്ത് ഒടിപി നമ്പർ നൽകി തിരുത്താനാകും. . ഉദ്യോഗാർഥികൾക്ക് പ്രൊഫൈലിലെ പേര്, ജനനതീയതി, ഫോട്ടോ, ഒപ്പ് എന്നിവ ഒഴികെയുള്ള എല്ലാവിധ തിരുത്തലുകളും ചെയ്യാം