തിരുവനന്തപുരം
നൂതനമായ സമഗ്ര രൂപകൽപ്പനാ നയം രൂപീകരിക്കാൻ സംസ്ഥാന സർക്കാർ ഒരുങ്ങുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ടൂറിസം, പൊതുമരാമത്ത് വകുപ്പ് കോവളം ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജിൽ സംഘടിപ്പിച്ച ‘ഫ്യൂച്ചർ ബൈ ഡിസൈൻ’ ശിൽപ്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. സംസ്ഥാനത്തെ ഒരു പ്രധാന ഡിസൈൻ ഹബ്ബായി മാറ്റും. ടൂറിസം കേന്ദ്രങ്ങൾ, പൊതുഇടങ്ങൾ, കെട്ടിടങ്ങൾ, പാലങ്ങൾ, തെരുവുകൾ, റോഡുകൾ എന്നിവയുടെ രൂപകൽപ്പന സംബന്ധിച്ച് കേരളത്തിന്റേതായ ഒരു കരട് നയം രൂപപ്പെടുത്തും. പൊതുമരാമത്ത് വകുപ്പും വിനോദസഞ്ചാര വകുപ്പും ആസൂത്രണം ചെയ്തു നടപ്പാക്കുന്ന വിവിധ പ്രവർത്തനങ്ങൾ ഈ നയത്തിന്റെ അടിസ്ഥാനത്തിലായിരിക്കും. ഇതിലൂടെ പൊതുമരാമത്ത്, വിനോദസഞ്ചാര മേഖലയിൽ കാതലായ മാറ്റങ്ങളുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പൊതുമരാമത്ത് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് അധ്യക്ഷനായി. ചീഫ് സെക്രട്ടറി വി പി ജോയ്, ടൂറിസം പ്രിൻസിപ്പൽ സെക്രട്ടറി കെ എസ് ശ്രീനിവാസ്, ടൂറിസം ഡയറക്ടർ പി ബി നൂഹ്,സംസ്ഥാന ആസൂത്രണ ബോർഡ് അംഗങ്ങളായ ഡോ. കെ രവി രാമൻ, സന്തോഷ് ജോർജ് കുളങ്ങര, കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് പ്രോജക്ട് ഡയറക്ടർ പ്രമോജ് ശങ്കർ, പൊതുമരാമത്ത് റോഡ്സ് ചീഫ് എൻജിനിയർ അജിത് രാമചന്ദ്രൻ, കേരള സ്റ്റേറ്റ് കൺസ്ട്രക്ഷൻ കോർപറേഷൻ എം ഡി എസ് ഷാനവാസ്, ന്യൂഡൽഹിയിലെ സ്കൂൾ ഓഫ് പ്ലാനിങ് ആൻഡ് ആർക്കിടെക്ചർ മുൻ ഡീൻ പ്രൊഫ. കെ ടി രവീന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.