തിരുവനന്തപുരം
ഗവർണർ ഭരണഘടനാ ചുമതലയും സംസ്ഥാന സർക്കാർ ഭരണനിർവഹണവും കൃത്യമായി നടത്തിപ്പോകുന്നത് സഹിക്കാനാകാത്തവരുടെ ദിവാസ്വപ്നങ്ങൾ നിയമസഭയിൽ നിലംപൊത്തി. ഏതാനും ദിവസങ്ങളായി ഗവർണറെ ചൊടിപ്പിക്കാനും നാട്ടുകാരെ തെറ്റിദ്ധരിപ്പിക്കാനുമായി വ്യാഖ്യാന പടുക്കളുടെ മത്സരമായിരുന്നു. മലയാളം സർവകലാശാല സെർച്ച് കമ്മിറ്റി രൂപീകരിക്കാനുള്ള സർക്കാർ ശ്രമം പുതിയ പോർമുഖം തുറന്നെന്നും കേന്ദ്ര സർക്കാരിനെതിരായ വിമർശങ്ങൾ ഗവർണർ വായിക്കില്ലെന്നുമായിരുന്നു പ്രചാരണം.
എന്നാൽ, ഒരുവരിപോലും ഒഴിവാക്കാതെ ഗവർണർ നയപ്രഖ്യാപന പ്രസംഗം മുഴുവൻ വായിച്ചു. ഭരണഘടനാമൂല്യങ്ങൾക്ക് വർത്തമാനകാലത്ത് വന്നിരിക്കുന്ന ആശങ്കയെ സൂചിപ്പിച്ച് അത് സംരക്ഷിക്കുന്നതിന്റെ പ്രാധാന്യം എടുത്തുപറഞ്ഞു. അർഥവത്തായ സഹകരണ ഫെഡറലിസം പരിപോഷിപ്പിക്കാനുള്ള സമീപനം ആവശ്യമാണ്. മറ്റു സംസ്ഥാനങ്ങളിൽ പലയിടത്തും പലവിധത്തിൽ ഹനിക്കപ്പെടുന്ന മാധ്യമസ്വാതന്ത്ര്യം പോറലേൽക്കാതെയാണ് തന്റെ സംസ്ഥാനത്തുള്ളത്. മതപരവും ഭാഷാപരവും മറ്റു മേഖലകളിലുമുള്ള ആധിപത്യ പ്രവണതകൾ നാനാത്വത്തെ മാനിക്കുന്ന ജനാധിപത്യത്തിന് തടസ്സമാണ്–- തുടങ്ങി സർക്കാർ ഏതൊക്കെ പ്രശ്നങ്ങൾ ചൂണ്ടിക്കാണിക്കാനാഗ്രഹിച്ചോ അതെല്ലാം പ്രസംഗത്തിൽ ഉൾപ്പെടുത്തിയിരുന്നു.
ബിജെപിയുടെ മുഖപത്രം ജന്മഭൂമി പ്രധാനവാർത്തയായി നൽകി ഗവർണറോട് ആഹ്വാനം ചെയ്തത് ‘നയപ്രഖ്യാപനം മുഴുവൻ വായിക്കണ്ട’ എന്നുതന്നെയാണ്. മറ്റ് മുഖ്യധാരാ മാധ്യമങ്ങളും ഗവർണറെ പ്രകോപിപ്പിക്കാൻ ശ്രമം നടത്തി.
മലയാളം സർവകലാശാല സെർച്ച് കമ്മിറ്റി രൂപീകരിക്കാനുള്ള സർക്കാർ ശ്രമവും അതിലേക്ക് ഗവർണറുടെ പ്രതിനിധിയെ ചോദിച്ചതും ഇതുവരെ ഒപ്പിടാത്ത സർവകലാശാലാ ബില്ലിന്റെ ബലത്തിലാണെന്ന് തെറ്റിദ്ധരിപ്പിക്കുകയായിരുന്നു അവർ. എന്നാൽ, സെർച്ച് കമ്മിറ്റി രൂപീകരിക്കാനുള്ള അധികാരം സംസ്ഥാന സർക്കാരിനുതന്നെയാണെന്ന് വ്യക്തമാക്കുന്ന ഹൈക്കോടതി ഡിവിഷൻബെഞ്ച് വിധിയെക്കുറിച്ച് ഇവർ മിണ്ടുന്നില്ല. ഏതെങ്കിലും വിഷയത്തിൽ അഭിപ്രായവ്യത്യാസമുണ്ടായാലും ഗവർണർമാർക്ക് ഭരണഘടനാ ബാധ്യതകൾ നിറവേറ്റാതെ മുന്നോട്ടുപോകാനാകില്ലെന്ന വസ്തുത ചൂണ്ടിക്കാണിക്കാനും ഇവരാരും തയ്യാറല്ല.