തിരുവനന്തപുരം
സമഗ്രവും സുസ്ഥിരവുമായ വികസനം ഉറപ്പാക്കുന്നതിൽ എൽഡിഎഫ് സർക്കാരിന്റെ പ്രതിജ്ഞാബദ്ധത നയപ്രഖ്യാപന പ്രസംഗത്തിൽ വ്യക്തം. അതിദുർബലരുടെയടക്കം സംരക്ഷണം, എല്ലാവർക്കും അടിസ്ഥാന സൗകര്യങ്ങൾ, സ്കൂൾ വിദ്യാഭ്യാസത്തിന് ആനുപാതികമായി ഉന്നത വിദ്യാഭ്യാസ മേഖലയുടെയും ശാക്തീകരണം, അടിസ്ഥാന സൗകര്യ വികസനത്തിനൊപ്പം നിക്ഷേപാന്തരീക്ഷം അനുകൂലമാക്കൽ, വിവര സാങ്കേതികവിദ്യയുടെ നേട്ടങ്ങൾ എല്ലാവർക്കും–- തുടങ്ങി രണ്ടുപതിറ്റാണ്ടിനപ്പുറമുള്ള ആവശ്യങ്ങളും കണ്ടറിഞ്ഞുള്ള പദ്ധതികൾക്കായിരിക്കും സർക്കാരിന്റെ ഊന്നൽ.
അറുപത്തിനാലായിരം അതിദരിദ്ര കുടുംബത്തെ കൈപിടിച്ചുയർത്താൻ സമഗ്രപദ്ധതി നടപ്പാക്കുകയാണ്. എല്ലാവർക്കും ഭൂമിയും വീടും വെറുംവാക്കാകില്ല. ഇതേതാൽപ്പര്യം ഡിജിറ്റൽ ഭരണസംവിധാനങ്ങളുടെ പ്രാപ്തി ഉറപ്പാക്കുന്നതിലുമുണ്ടാകും. അഭ്യസ്ത വിദ്യർക്കെല്ലാം തൊഴിൽ ഉറപ്പാക്കും. നിക്ഷേപാന്തരീക്ഷം മെച്ചപ്പെടുത്തും. നിക്ഷേപങ്ങൾക്കുള്ള അംഗീകാരങ്ങൾ സുഗമമാക്കുന്നതിനും ലഘൂകരിക്കുന്നതിനും നിയമങ്ങളും ചട്ടങ്ങളും ഭേദഗതികളിലൂടെ ആധുനികവൽക്കരിക്കുമെന്ന പ്രഖ്യാപനം യുവജനതയ്ക്ക് പ്രതീക്ഷയേകുന്നു.
ഉൽപ്പാദന, മൂല്യവർധന കർഷകവരുമാനം ഉയർത്തും. കേരള അഗ്രി ബിസിനസ് കമ്പനി ആരംഭിക്കും. സഹകരണമേഖല മെച്ചപ്പെടുത്താനും ക്രമക്കേട് തടയാനും നിയമഭേദഗതിയുണ്ടാകും. മത്സ്യത്തൊഴിലാളി മേഖലയ്ക്കായി ഏറ്റെടുത്ത പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കും. പാഠ്യപദ്ധതി പരിഷ്കരണമാണ് സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കുന്ന മറ്റൊരു മേഖല. മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികൾക്ക് ശക്തമായ കൈത്താങ്ങ് നൽകും. ജനാധിപത്യവും മതനിരപേക്ഷതയും സംയോജിത സ്വഭാവവും സംരക്ഷിച്ച് ഉന്നത വിദ്യാഭ്യാസ മേഖല ശാക്തീകരിക്കും. ആയുഷ്, ആരോഗ്യരക്ഷ, ആരോഗ്യസൗഖ്യം എന്നിവയുടെ കരുതൽ, പ്രോത്സാഹനം, പുനരധിവാസം തുടങ്ങിയവയിൽ ശ്രദ്ധ കേന്ദ്രീകരിക്കും. സാമ്പത്തിക പരിമിതിയിലും ഭക്ഷ്യസുരക്ഷ ഉറപ്പാക്കും. ലിംഗസമത്വത്തിന്റെ മൂന്നുതലം–-തുല്യഅവസരം, തുല്യശബ്ദം, അക്രമത്തിൽനിന്ന് സ്വാതന്ത്ര്യം എന്നിവ നേടാൻ ദീർഘകാല പ്രചാരണം തുടങ്ങും.
ഊരുകളിലെല്ലാം റോഡ്, കുടിവെള്ളം, വൈദ്യുതി, ഇന്റർനെറ്റ് കണക്ഷൻ ഉൾപ്പെടെ ഒരുക്കും.
മുല്ലപ്പെരിയാറിലെ പെരിയാർ നദീതീര സംരക്ഷണ സമഗ്ര പദ്ധതി പ്രഖ്യാപനവും മീനച്ചിൽ വെള്ളപ്പൊക്ക ലഘൂകരണ സർവേയും വലിയ ചുവടുവയ്പാണ്. അധിക ഊർജത്തിന്റെ കയറ്റുമതിക്ക് പ്രാപ്തിയുള്ള കേരളവും പ്രഖ്യാപനത്തിലുണ്ട്. ഇ–- മൊബിലിറ്റിയിലെ കുതിച്ചുചാട്ടമാണ് മറ്റൊരു പ്രതീക്ഷ. വിനോദസഞ്ചാരമേഖലയ്ക്ക് വ്യവസായപദവി ഉറപ്പാക്കും. വെല്ലുവിളികളെ അഭിമുഖീകരിക്കാനും അവസരങ്ങളെ ഉപയോഗപ്പെടുത്താനുമുള്ള ദൃഢനിശ്ചയമാണ് നയപ്രഖ്യാപനത്തിന്റെ കാതൽ.