ന്യൂഡൽഹി
ഹിജാബ് വിലക്കിനെതിരായ ഹർജികൾ സുപ്രീംകോടതിയുടെ മൂന്നംഗ ബെഞ്ച് വേഗത്തിൽ പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. പരീക്ഷകൾ വരുന്നതിനാൽ ഇടക്കാല നിർദേശങ്ങൾക്കായി ഹർജികൾ ഉടൻ കേൾക്കണമെന്ന് മുതിർന്ന അഭിഭാഷക മീനാക്ഷി അറോറ കോടതി മുമ്പാകെ പരാമർശിക്കുകയായിരുന്നു. മൂന്നംഗ ബെഞ്ചാണ് കേൾക്കേണ്ടതെന്നും തീയതി തീരുമാനിക്കാമെന്നും ചീഫ് ജസ്റ്റിസ് അറിയിച്ചു.
സർക്കാർ കോളേജുകളിലെ ഹിജാബ് വിലക്ക് ശരിവച്ച കർണാടക ഹൈക്കോടതി വിധിക്കെതിരായ ഹർജികളിൽ സുപ്രീംകോടതിയുടെ രണ്ടംഗ ബെഞ്ചിൽനിന്ന് ഭിന്നവിധിയാണുണ്ടായത്. ഫെബ്രുവരി ആറിന് പരീക്ഷ തുടങ്ങുമെന്നും ഹിജാബ് വിലക്കുള്ള സർക്കാർ കോളേജുകളിലാണ് വിദ്യാർഥിനികൾ പരീക്ഷ എഴുതേണ്ടതെന്നും മീനാക്ഷി ചൂണ്ടിക്കാട്ടി.