ന്യൂഡൽഹി
കള്ളപ്പണം വെളുപ്പിക്കൽ കേസുകൾ പരിഗണിക്കുന്ന ഗാസിയാബാദിലെ പ്രത്യേക കോടതിയുടെ സമൻസിനെ ചോദ്യംചെയ്ത് മാധ്യമ പ്രവർത്തക റാണാ അയൂബ് സമർപ്പിച്ച ഹർജി സുപ്രീംകോടതി ബുധനാഴ്ച പരിഗണിക്കും. തിങ്കളാഴ്ച പരിഗണിക്കാനായി ഹർജി ലിസ്റ്റ് ചെയ്തിരുന്നെങ്കിലും കേസ് കേൾക്കേണ്ട രണ്ടംഗ ബെഞ്ചിന്റെ സിറ്റിങ് ഉണ്ടായില്ല.
വെള്ളിയാഴ്ച ഹാജരാകാൻ ഗാസിയാബാദ് കോടതി ആവശ്യപ്പെട്ടിട്ടുണ്ടെന്നും അതിനുമുമ്പ് പരിഗണിക്കണമെന്നും റാണയ്ക്കായി ഹാജരായ വൃന്ദാ ഗ്രോവർ ചീഫ് ജസ്റ്റിസിന്റെ ബെഞ്ചിൽ പരാമർശിച്ചു. തുടർന്നാണ് ബുധനാഴ്ച കേൾക്കാനായി മാറ്റിയത്. കോവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി റാണാ അയൂബ് ഫണ്ട് ശേഖരണം നടത്തിയത് വിദേശനാണ്യ വിനിമയ ചട്ടം ലംഘിച്ചാണെന്ന് ആരോപിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പ്രത്യേക കോടതിയിൽ പ്രോസിക്യൂഷൻ പരാതി നൽകിയിരുന്നു. ഇതിലാണ് കോടതി സമൻസ് അയച്ചത്.