ന്യൂഡൽഹി
ഗുജറാത്ത് വംശഹത്യയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പങ്ക് വെളിപ്പെടുത്തിയുള്ള ബിബിസി ഡോക്യുമെന്ററിക്ക് കേന്ദ്ര സർക്കാർ വിലക്കേർപ്പെടുത്തിയത് അന്തർദേശീയ തലത്തിൽ ചർച്ചയായി. അറിയപ്പെടുന്ന ദിനപത്രങ്ങളും വാർത്താചാനലുകളുമെല്ലാം വിലക്ക് വാർത്തയ്ക്ക് വലിയ പ്രാമുഖ്യം നൽകി.
വിലക്ക് വാർത്ത പരന്നതോടെ മറ്റു രാജ്യങ്ങളിൽ ബിബിസി വീഡിയോ കണ്ടവരുടെ എണ്ണത്തിലും വർധന വന്നു. ജി–-20 ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കാനിരിക്കെ മോദിയുടെ വംശഹത്യാ പങ്ക് ചർച്ച ചെയ്യുന്ന വീഡിയോ വലിയ പ്രചാരണം നേടിയത് കേന്ദ്ര സർക്കാരിന് തിരിച്ചടിയായി.
‘ഇന്ത്യ: ദ മോദി ക്വസ്റ്റ്യൻ’ (ഇന്ത്യ: മോദി എന്ന ചോദ്യം) പരമ്പരയുടെ രണ്ടാം ഭാഗം 24ന് ബിബിസി സംപ്രേഷണം ചെയ്യും. സംഘപരിവാറിന്റെ മുസ്ലിംവേട്ടയുടെ ഞെട്ടിക്കുന്ന യാഥാര്ഥ്യങ്ങളാണ് ചൊവ്വാഴ്ച പുറത്തുവന്ന ആദ്യഭാഗം വെളിപ്പെടുത്തിയത്.
വീണ്ടും ട്വീറ്റ് ചെയ്ത് പ്രതിപക്ഷ നേതാക്കൾ
ബിബിസി ഡോക്യുമെന്ററിയുടെ ഓൺലൈൻ ലിങ്ക് വീണ്ടും ട്വീറ്റ് ചെയ്ത് പ്രതിപക്ഷ പാർടി നേതാക്കൾ. തൃണമൂൽ കോൺഗ്രസ് നേതാക്കളായ ഡെറിക് ഒബ്രിയൻ, മൊഹുവാ മൊയ്ത്ര തുടങ്ങിയവരാണ് വീണ്ടും ഡോക്യുമെന്ററി ട്വീറ്റ് ചെയ്തത്. എന്നാൽ, വൈകാതെതന്നെ ട്വിറ്റർ ലിങ്കുകൾ നീക്കം ചെയ്തു. ബിബിസി ആസ്ഥാനം ഡൽഹിയിൽ ആയിരുന്നെങ്കിൽ ഇഡി ഇപ്പോൾത്തന്നെ അവരുടെ വാതുക്കൽ എത്തുമായിരുന്നെന്ന് കോൺഗ്രസ് നേതാവ് ഗൗരവ് വല്ലഭ് പരിഹസിച്ചു. ബ്ലോക്ക് ഇൻ ഇന്ത്യ എന്ന പദ്ധതിക്കുകൂടി മോദി സർക്കാർ തുടക്കമിട്ടെന്നും വല്ലഭ് പറഞ്ഞു.
അതേസമയം, ബിബിസിക്കെതിരായി സംഘപരിവാർ നീക്കം തുടങ്ങി. ബിബിസിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് ഓൺലൈൻ പരാതിക്ക് മോദി അനുകൂലികൾ തുടക്കമിട്ടു. സുപ്രീംകോടതി മോദിയുടെ നിരപരാധിത്വം ശരിവച്ചിട്ടുള്ളതാണെന്നും 21 വർഷത്തിനുശേഷം ഇത്തരമൊരു വീഡിയോ ഗൂഢലക്ഷ്യത്തോടെയാണെന്നും വീഡിയോയിൽ പറയുന്നു.
ജെഎൻയുവിൽ പ്രദർശനം
|കേന്ദ്ര സർക്കാർ വിലക്കിയ ബിബിസി ഡോക്യുമെന്ററി ചൊവ്വാഴ്ച ജെഎൻയുവിൽ പ്രദർശിപ്പിക്കുമെന്ന് വിദ്യാർഥി യൂണിയൻ അറിയിച്ചു. രാത്രി ഒമ്പതിന് യൂണിയൻ ഓഫീസിലാണ് പ്രദർശനം. എന്നാൽ, ഡോക്യുമെന്ററി പ്രദർശനം ക്രമസമാധാന പ്രശ്നമുണ്ടാക്കും എന്നതിനാൽ അനുമതി നിഷേധിച്ചതായി അധികൃതർ പറഞ്ഞു.