തിരുവനന്തപുരം > കഴിഞ്ഞ വര്ഷം (2022) ജനുവരി ഒന്നു മുതല് ഡിസംബര് 31 വരെ ശബരി ഉത്പന്നങ്ങള് ഉള്പ്പെടെ 665.72 കോടി രൂപയുടെ മാവേലി നോണ് സബ്സിഡി സാധനങ്ങള് സപ്ലൈകോ ഔട്ട്ലെറ്റുകളിലൂടെ വിൽപന നടത്തിയതായി ചെയര്മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. സഞ്ജീബ് പട്ജോഷി അറിയിച്ചു. സപ്ലൈകോ പര്ച്ചേസ് വിഭാഗം നേരിട്ട് വാങ്ങി, കുറഞ്ഞ മാര്ജിനില് വില്പ്പന നടത്തുന്ന മുപ്പതിലധികം അവശ്യ ഭക്ഷ്യവസ്തുക്കളാണ് മാവേലി നോണ് സബ്സിഡി വിഭാഗത്തിലുള്ളത്.
ഫാസ്റ്റ് മൂവിങ് കണ്സ്യൂമര് ഗുഡ്സ് ഇനത്തില് വിറ്റുവരവ് 1081.53 കോടി രൂപയും ശബരി ഉല്പ്പന്നങ്ങളുടേത് 199.74 കോടി രൂപയുമാണ്. സബ്സിഡി വെളിച്ചെണ്ണ ഒഴികെയുള്ള ശബരി ഉത്പന്നങ്ങളായ സബ്സിഡിയിതര വെളിച്ചെണ്ണ, തേയില, കറിപ്പൊടികള്, മസാല, കായം, കടുക്, ജീരകം തുടങ്ങിയ ഉല്പ്പന്നങ്ങളുടെ വില്പ്പനയാണിത്. 3316 ടണ് ശബരി തേയിലയുടെ വില്പ്പനയും ഇക്കാലയളവില് നടന്നു.
ശബരി തേയില വില്പനയില് സപ്ലൈകോയ്ക്ക് 24.30 കോടി രൂപയുടെ ലാഭം നേടാനായതായി ഡോ. സഞ്ജീബ് പട്ജോഷി പറഞ്ഞു. ശബരി ബ്രാന്ഡിനു കീഴില് ശബരി സുപ്രീം, ഗോള്ഡ്, ഹോട്ടല് ബെന്ഡ്, സൂപ്പര് ഫൈന് ഡസ്റ്റ് എന്നീ പേരുകളിലാണ് ശബരി തേയില വില്പന നടത്തുന്നത്. ഇതിനു പുറമേ ഇന്ത്യന് ബ്ലാക്ക് ടീ, ഗോള്ഡ് ഫൈന് ബ്ലെന്ഡ് എന്നീ പേരുകളില് സപ്ലൈകോ യുഎഇയിലേക്ക് തേയില കയറ്റുമതി നടത്തുന്നുണ്ട്.
2022ല് ഏകദേശം 100 കോടി രൂപയുടെ മരുന്നു വില്പനയും സപ്ലൈകോ മെഡിക്കല് സ്റ്റോറുകളിലൂടെ നടത്തി. 921.7 കോടി രൂപയുടെ സബ്സിഡി സാധനങ്ങളാണ് സപ്ലൈകോ 2022ല് വിതരണം ചെയ്തത്.