അഹമ്മദാബാദ്
ചാണകംകൊണ്ട് നിർമിച്ച വീടുകളെ ആണവ വികിരണം ബാധിക്കില്ലെന്നും ഗോമൂത്രം പല മാറാരോഗങ്ങൾക്കും പ്രതിവിധിയാണെന്നും ഗുജറാത്തിലെ സെഷൻസ് കോടതി. നിയമവിരുദ്ധമായി പശുക്കളെ കടത്തിയെന്ന് ആരോപിച്ച് മഹാരാഷ്ട്രയിലെ നാസിക് ജില്ലയിലെ മാലേഗാവ് നിവാസിയായ മുഹമ്മദ് അമീ (22)നെ ജീവപര്യന്തം കഠിന തടവിന് ശിക്ഷിച്ചുകൊണ്ടുള്ള വിധിയിലാണ് ഈ പരാമർശങ്ങൾ.
അഞ്ചു ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. പിഴയടച്ചില്ലെങ്കിൽ അഞ്ചു വർഷംകൂടി കഠിന തടവ് അനുഭവിക്കണമെന്ന് താപ്പിയിലെ വ്യാര ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജി സമീർ വിനോദ് ചന്ദ്ര വ്യാസ് ഉത്തരവിട്ടു. ഗോവധം തടയാൻ കൊണ്ടുവന്ന വിവിധ നിയമങ്ങളും നിയമ ഭേദഗതിയും അനുസരിച്ചാണ് ശിക്ഷ.
വേദവും പുരാണവും ഉദ്ധരിച്ച് പശുവിന്റെ ഗുണഗണം എണ്ണിപ്പറഞ്ഞാണ് വിധി. പശു ഒരു മൃഗം മാത്രമല്ല, അമ്മയുമാണ്. 68 കോടി പുണ്യസ്ഥലത്തിന്റെയും മൂന്നു കോടി ദൈവങ്ങളുടെയും ജീവിക്കുന്ന ഗ്രഹമാണ് പശു. ഗോവധം തടഞ്ഞാൽ ഭൂമിയിലെ എല്ലാ പ്രശ്നവും തീരുമെന്നും വിധിയിലുണ്ട്.