മെൽബൺ
ഓസ്ട്രേലിയൻ ഓപ്പൺ ടെന്നീസ് പുരുഷ സിംഗിൾസിൽ നൊവാക് ജൊകോവിച്ച് പ്രീക്വാർട്ടറിൽ. അഞ്ചാംസീഡ് ആൻഡി റുബലേവും മുന്നേറിയപ്പോൾ ആൻഡി മറെ പുറത്തായി. വനിതകളിൽ അറിന സബലേങ്ക, ബെലിൻഡ ബെൻസിച്ച്, കരോളിന പ്ലിസ്കോവ എന്നിവരും പ്രീക്വാർട്ടറിലേക്ക് മുന്നേറി.
വമ്പൻമാർക്ക് അടിപതറുന്ന മെൽബണിൽ ജൊകോവിച്ചിന് പക്ഷേ, വെല്ലുവിളിയുണ്ടായില്ല. ബൾഗേറിയയുടെ ഗ്രിഗർ ദിമിത്രോവിനെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപ്പിച്ചായിരുന്നു മുന്നേറ്റം (7–-6, 6–-3, 6–-4).
നിലവിലെ ചാമ്പ്യൻ റാഫേൽ നദാലിനെ തോൽപ്പിച്ച മക്കൻസീ മക്ഡൊണാൾഡ് മൂന്നാംറൗണ്ടിൽ പുറത്തായി. ജപ്പാന്റെ യോഷിഹിറ്റോ നിഷിയോക്കയാണ് തോൽപ്പിച്ചത്. വനിതകളിൽ എലീസ് മെർട്ടെൻസിനെ നേരിട്ടുള്ള സെറ്റുകൾക്ക് അഞ്ചാംസീഡ് സബലേങ്ക തോൽപ്പിച്ചു.















