കൊച്ചി> മഹാത്മാ ഗാന്ധി രക്തസാക്ഷിത്വ ദിനത്തോട് അനുബന്ധിച്ച് ഏഷ്യാനെറ്റ് ന്യൂസ് ഒരുക്കുന്ന ‘മഹാത്മ, വേർപാടിന്റെ 75 വർഷങ്ങൾ’ പരിപാടിക്കെതിരെ പ്രതിഷേധം ഉയരുന്നു. മഹാത്മ ഗാന്ധി അങ്ങനെ വെറുതെ സ്വഭാവികമായി വേർപെട്ട് പോയതല്ലെന്നും വെടിവെച്ചു കൊന്നതാണെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് ഫെയ്സ്ബുക്കിൽ കുറിച്ചു.
ആ മഹാ പുരുഷനെ നാഥു റാം വിനായക് ഗോഡ്സെ എന്ന ഹിന്ദുത്വ തീവ്രവാദി നെഞ്ചിൽ നിറയൊഴിച്ചു കൊന്നതാണ്. എത്ര കണ്ട് കുതിരക്കച്ചവടം നടത്തിയും വർഗീയ വിഷം വമിച്ചും അധികാരം പിടിച്ചെടുത്താലും ആർഎസ്എസിന്റെ കൈകളിൽ നിന്ന് ഗാന്ധിയുടെ ചോരക്കറ മായ്ക്കാൻ കഴിയില്ല. അതിനാൽ തന്നെ ഗാന്ധിവധത്തെ നിസാരവൽക്കരിക്കുന്ന പദനിർമ്മിതികൾ ആർഎസ്എസ് അച്ചുകൂടങ്ങൾ പരിശ്രമിച്ചു കൊണ്ടിരിക്കുന്ന കാര്യമാണ്. അത്തരം ശ്രമങ്ങൾക്ക് പിന്തുണയേകാനാണ് ബിജെപി നേതാവിന്റെ ഉടമസ്ഥതയിലുള്ള ഏഷ്യാനെറ്റ് ന്യൂസ് ശ്രമിക്കുന്നത് എന്ന് വേണം കരുതാൻ. ഏഷ്യാനെറ്റ് ന്യൂസ് തിരുത്തണമെന്നും സനോജ് ആവശ്യപ്പെട്ടു.
ഫെയ്സ്ബുക്ക് കുറിപ്പ്
മറ്റൊരു ജനുവരി 30 കൂടി എത്തുകയാണ്. ഹിന്ദുവർഗ്ഗീയതയുടെ വെടിയുണ്ടകളേറ്റ് മഹാത്മാഗാന്ധി രക്തസാക്ഷിത്വം വരിച്ച ദിനം. നാളിതുവരെ രാജ്യത്തിന് അകത്തും പുറത്തുമുള്ള സകല മനുഷ്യരും അവരവരുടെ ഭാഷയിൽ ഈ ദിനത്തെ ‘രക്ത സാക്ഷിത്വ ദിനം’ എന്ന് മാത്രമാണ് പറഞ്ഞു വന്നത്. കാരണം രക്തസാക്ഷി എന്ന പദം അകമേ ഉൾകൊള്ളുന്ന ഒരു രാഷ്ട്രീയ മാനമുണ്ട്. വലിയൊരു ആശയമുണ്ട്.
ഗാന്ധിജി കൊല്ലപ്പെട്ട ദിനത്തെ ഓർക്കാൻ ഇന്നേവരെയാരും മഹാത്മാ ഗാന്ധി ചരമ ദിനം എന്നോ, ഗാന്ധി വേർപാട് ദിനമെന്നോ മറ്റോ അടയാളപെടുത്താറില്ല. എന്നാൽ ഗാന്ധി രക്ത സാക്ഷിത്വ ദിനത്തോട് അനുബന്ധിച്ച് ഏഷ്യാനെറ്റ് ന്യൂസ് ഒരുക്കുന്ന പരിപാടിയുടെ പേര് ‘മഹാത്മ, വേർപാടിന്റെ 75 വർഷങ്ങൾ എന്നാണ് ‘.
മഹാത്മ ഗാന്ധി അങ്ങനെ വെറുതെ സ്വഭാവികമായി വേർപെട്ട് പോയതല്ല. ഇന്ത്യൻ ദേശീയ സമര പോരാട്ടങ്ങളുടെ നെടും തൂണായിരുന്ന, മതേതര ജനാധിപത്യ ഇന്ത്യയ്ക്കായി ജീവിതം ഹോമിച്ച ആ മഹാ പുരുഷനെ നാഥു റാം വിനായക് ഗോഡ്സെ എന്ന ഹിന്ദുത്വ തീവ്രവാദി നെഞ്ചിൽ നിറയൊഴിച്ചു കൊന്നതാണ്. ആ വെടിയേറ്റത് ജനാധിപത്യ മതേതര ഇന്ത്യയുടെ ഹൃദയത്തിലേക്കാണ്.
എത്ര കണ്ട് കുതിരക്കച്ചവടം നടത്തിയും വർഗീയ വിഷം വമിച്ചും അധികാരം പിടിച്ചെടുത്താലും ആർഎസ്എസിന്റെ കൈകളിൽ നിന്ന് ഗാന്ധിയുടെ ചോരക്കറ മായ്ക്കാൻ കഴിയില്ല. അതിനാൽ തന്നെ ഗാന്ധിവധത്തെ നിസാരവൽക്കരിക്കുന്ന പദനിർമ്മിതികൾ ആർഎസ്എസ് അച്ചുകൂടങ്ങൾ പരിശ്രമിച്ചു കൊണ്ടിരിക്കുന്ന കാര്യമാണ്. ബിജെപി ഭരണത്തിലുള്ള സംസ്ഥാനങ്ങളിലെ സ്കൂളുകളിലെ പാഠ പുസ്തകത്തിൽ ഗാന്ധിക്ക് സ്വാഭാവിക മരണമാണ് സംഭവിച്ചത് എന്ന തരത്തിൽ ചോദ്യോത്തരങ്ങൾ പോലും പ്രത്യക്ഷപ്പെട്ടു.
അത്തരം ശ്രമങ്ങൾക്ക് പിന്തുണയേകാനാണ് ബിജെപി നേതാവിന്റെ ഉടമസ്ഥതയിലുള്ള ഏഷ്യാനെറ്റ് ന്യൂസ് ശ്രമിക്കുന്നത് എന്ന് വേണം കരുതാൻ. ഏഷ്യാനെറ്റ് ന്യൂസ് തിരുത്തണം. മഹാത്മ, വേർപാടിന്റെ 75 വർഷങ്ങൾ എന്നല്ല, മതേതര ഇന്ത്യക്കായി നില കൊണ്ടതിന്റെ പേരിൽ ഗാന്ധി രക്ത സാക്ഷിത്വം വരിച്ചതിന്റെ 75 വർഷങ്ങളാണ്. അത് ആരൊക്കെ തിരുത്താൻ ശ്രമിച്ചാലും ഞങ്ങൾ പറഞ്ഞു കൊണ്ടേയിരിക്കും. വെറുതെ വേർപെട്ടു പോയതല്ല ഗാന്ധി. വെടിവെച്ചു കൊന്നതാണ്.