ലണ്ടൻ
ലോകത്തെ ഏറ്റവും സമ്പന്നമായ ഫുട്ബോൾ ക്ലബ്ബെന്ന നേട്ടം മാഞ്ചസ്റ്റർ സിറ്റി നിലനിർത്തി. സിറ്റി ഉൾപ്പെടെ 11 ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബുകളാണ് ആദ്യ 20ൽ ഇടംപിടിച്ചത്. സ്പാനിഷ് ക്ലബ് റയൽ മാഡ്രിഡാണ് പട്ടികയിൽ രണ്ടാമത്. ഇംഗ്ലീഷ് ക്ലബ് ലിവർപൂൾ മൂന്നാമതെത്തി.
കഴിഞ്ഞവർഷം സിറ്റിക്ക് ഏകദേശം 6437 കോടി രൂപയുടെ വരുമാനമുണ്ടായി. റയലിന് 6284 കോടി രൂപ. ഏഴാംസ്ഥാനത്തുനിന്ന് മൂന്നിലേക്ക് മുന്നേറിയ ലിവർപൂളിന് 6174 കോടി രൂപ വരുമാനമുണ്ടായി. അഞ്ചാമതുണ്ടായിരുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് 6059 കോടി രൂപയുമായി നാലാമതെത്തി. ഫ്രഞ്ച് ലീഗ് കരുത്തരായ പിഎസ്ജി 5758 കോടി രൂപയുമായി അഞ്ചാംസ്ഥാനത്തും. മൂന്നാമതുണ്ടായിരുന്ന ജർമൻ ക്ലബ് ബയേൺ മ്യൂണിക്ക് ആറാമതായി–-5752 കോടി രൂപ.
നാലാമതുണ്ടായിരുന്ന സ്പാനിഷ് വമ്പൻമാരായ ബാഴ്സലോണ 5167 കോടി രൂപയുമായി ഏഴാമതാണ്. ചെൽസി, ടോട്ടനം ഹോട്സ്പർ, അഴ്സണൽ ടീമുകളാണ് ആദ്യ പത്തിൽ ശേഷിക്കുന്നവ.