ഭുവനേശ്വർ
ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് ക്വാർട്ടറിലേക്ക് നേരിട്ട് യോഗ്യതയില്ല. പൂൾ ‘ഡി’യിലെ അവസാന കളിയിൽ വെയ്ൽസിനെ 4–-2ന് മറികടന്നെങ്കിലും ഇംഗ്ലണ്ടിനുപിന്നിൽ രണ്ടാമതായി. സ്പെയ്നിനെ നാല് ഗോളിന് തോൽപ്പിച്ച ഇംഗ്ലണ്ട് മികച്ച ഗോൾ വ്യത്യാസത്തോടെ ഒന്നാംസ്ഥാനക്കാരായി ക്വാർട്ടറിൽ കടന്നു. ഇന്ത്യക്ക് ക്രോസ് ഓവറിൽ ന്യൂസിലൻഡിനെ തോൽപ്പിച്ചാൽ ക്വാർട്ടറിൽ കടക്കാം.
ഇന്ത്യക്കായി ആകാശ്ദീപ് സിങ് ഇരട്ടഗോളടിച്ചു. ഷംഷേർ സിങ്ങും ക്യാപ്റ്റൻ ഹർമൻപ്രീത് സിങ്ങും മറ്റ് ഗോളുകൾ നേടി. അവസാന കളിയിൽ ഇംഗ്ലണ്ടുമായി ഗോളടിക്കാതെ പിരിഞ്ഞ ഇന്ത്യക്ക് വെയ്ൽസിനെതിരെ വമ്പൻ ജയം നേടിയാലും പൂളിൽ ഒന്നാംസ്ഥാനം ഉറപ്പാകുമായിരുന്നില്ല. ഇംഗ്ലണ്ട് സ്പെയ്നിനെ തകർത്തതോടെ ഒന്നാംസ്ഥാനമെന്ന മോഹം ഇന്ത്യ ഉപേക്ഷിച്ചു. ഇംഗ്ലണ്ട് ഒമ്പത് ഗോളാണ് അടിച്ചത്, ഇന്ത്യ ആറും. ഇംഗ്ലണ്ട് ഗോൾ വഴങ്ങിയിട്ടില്ല. ഇന്ത്യ രണ്ടെണ്ണം വഴങ്ങി.
ആദ്യകളിയിൽ സ്പെയ്നിനെ രണ്ട് ഗോളിനാണ് ഇന്ത്യ തോൽപ്പിച്ചത്. വെയ്ൽസിനെതിരെ ആദ്യ ക്വാർട്ടറിൽ ഇന്ത്യക്ക് മികച്ചകളി പുറത്തെടുക്കാനായില്ല. ഗോളില്ലാതെ അവസാനിച്ചു. രണ്ടാംക്വാർട്ടറിൽ കളിക്ക് ചൂടുപിടിച്ചു. തുടക്കത്തിൽത്തന്നെ പെനൽറ്റി കോർണർ ലഭിച്ചെങ്കിലും മൻപ്രീതിന് മുതലാക്കാനായില്ല. 22–-ാംമിനിറ്റിൽ മറ്റൊരു പെനൽറ്റി കോർണറിൽ ഇന്ത്യ മുന്നിലെത്തി. ഹർമൻപ്രീത് സിങ്ങിന്റെ ഷോട്ട് തടഞ്ഞെങ്കിലും ഷംഷേർ സിങ് പന്ത് വലയിലാക്കി.
മൂന്നാംക്വാർട്ടറിന്റെ തുടക്കത്തിൽ ഇന്ത്യ മുന്നിലെത്തി. മൻദീപുമായുള്ള മുന്നേറ്റത്തിനൊടുവിൽ ആകാശ്ദീപ് ലീഡ് ഉയർത്തി. എന്നാൽ, മൂന്നാംക്വാർട്ടറിന്റെ അവസാനഘട്ടത്തിൽ ഇന്ത്യയെ വെയ്ൽസ് സമ്മർദത്തിലാക്കി. തുടരെ രണ്ട് ഗോളുകളിൽ അവർ ഒപ്പമെത്തി. രണ്ടും പെനൽറ്റി കോർണറിൽനിന്ന്. ആദ്യത്തേത് ഗാരേത് ഫുർലോങ്ങിന്റെ ഷോട്ട് ഇന്ത്യൻ ഗോൾകീപ്പർ പി ആർ ശ്രീജേഷിന് തടയാനായില്ല. പിന്നാലെയെത്തിയ ഫുർലോങ്ങിന്റെ മറ്റൊരു ഫ്ലിക്ക് ശ്രീജേഷ് തടഞ്ഞു. എന്നാൽ, തട്ടിത്തെറിച്ച പന്ത് ജേക്കബ് ഡ്രാപ്പെർ വലയിലെത്തിച്ചു.നാലാംക്വാർട്ടറിന്റെ തുടക്കത്തിലായിരുന്നു ഇന്ത്യ വീണ്ടും ലീഡ് നേടിയത്. ഇക്കുറി ആകാശ്ദീപിന്റെ മനോഹര ഗോൾ. കളി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് ഹർമൻപ്രീതിന്റെ ഫ്ലിക്കിൽ ഇന്ത്യ ജയം ഉറപ്പാക്കി.
രണ്ടാംസ്ഥാനക്കാർക്ക് പൂൾ സിയിലെ മൂന്നാംസ്ഥാനക്കാരുമായാണ് ക്രോസ് ഓവർ മത്സരം. ന്യൂസിലൻഡാണ് പൂൾ സിയിലെ മൂന്നാംസ്ഥാനക്കാർ. ഞായറാഴ്ചയാണ് ന്യൂസിലൻഡുമായുള്ള കളി. പൂൾ സിയിൽനിന്ന് നെതർലൻഡ്സ് ഒന്നാംസ്ഥാനക്കാരായി ക്വാർട്ടറിൽ കടന്നു.ചിലിലെ പതിനാല് ഗോളിന് തോൽപ്പിച്ചു. മലേഷ്യയാണ് രണ്ടാംസ്ഥാനക്കാർ. സ്പെയ്നുമായാണ് അവരുടെ ക്രോസ് ഓവർ മത്സരം.