ശ്യാമൾ ചക്രവർത്തി നഗർ (ബംഗളൂരു)
മോദി സർക്കാരിന്റെ തൊഴിലാളി––കർഷക വിരുദ്ധ നവലിബറൽ നയങ്ങൾക്കെതിരെ സമരകാഹളം മുഴക്കി സിഐടിയു അഖിലേന്ത്യ സമ്മേളനം. ഏപ്രിൽ അഞ്ചിന് സിഐടിയു, അഖിലേന്ത്യ കിസാൻസഭ, അഖിലേന്ത്യ കർഷക തൊഴിലാളി യൂണിയൻ എന്നിവയുടെ നേതൃത്വത്തിൽ നടക്കുന്ന മസ്ദൂർ കിസാൻ സംഘർഷ് റാലി വൻവിജയമാക്കാൻ സമ്മേളനം ആഹ്വാനംചെയ്തു.
തൊഴിലാളികളുടെയും കർഷകരുടെയും കർഷകത്തൊഴിലാളികളുടെയും നിരന്തരമായ ഐക്യ പോരാട്ടത്തിന്റെ തുടക്കമാകും ഏപ്രിൽ അഞ്ചിന്റെ റാലിയെന്ന് സമ്മേളനം പാസാക്കിയ പ്രമേയത്തിൽ പറഞ്ഞു. രാജ്യത്തിനകത്തും പുറത്തുമുള്ള വൻകിട കോർപറേറ്റുകൾക്ക് വേണ്ടിയുള്ള നയം തിരുത്തി അധ്വാനിക്കുന്ന ജനവിഭാഗങ്ങൾക്ക് അനുകൂലമാക്കണമെന്നാവശ്യപ്പെട്ടാണ് പ്രക്ഷോഭം.
വിലക്കയറ്റം, തൊഴിലില്ലായ്മ, മോശമാകുന്ന തൊഴിൽ- ജീവിത സാഹചര്യങ്ങൾ, വ്യാപകസ്വകാര്യവൽക്കരണം, ഭരണഘടനാ-പാർലമെന്ററി മാനദണ്ഡങ്ങളുടെയും കീഴ്വഴക്കങ്ങളുടെയും ലംഘനം, ന്യൂനപക്ഷങ്ങളും ദളിതരും സ്ത്രീകളും നേരിടുന്ന ക്രൂരമായ അടിച്ചമർത്തൽ തുടങ്ങിയ പ്രശ്നങ്ങളെല്ലാം സംയുക്ത പ്രക്ഷോഭത്തിൽ ഉയർത്തിക്കാട്ടും.
കേന്ദ്ര സർക്കാരിന്റെ ക്രൂരമായ ചെയ്തികളെക്കുറിച്ച് തൊഴിലാളികളുടെ കുടുംബാംഗങ്ങളെയും ബഹുജനങ്ങളെയും ബോധവൽക്കരിക്കാൻ തീവ്രവും വിപുലവുമായ ക്യാമ്പയിൻ ഉടൻ ആസൂത്രണം ചെയ്യാൻ സിഐടിയുവിന്റെ എല്ലാ സംസ്ഥാന കമ്മിറ്റികളോടും ഫെഡറേഷനുകളോടും സമ്മേളനം ആഹ്വാനംചെയ്തു.
വർഗീയ കോർപറേറ്റ് അവിശുദ്ധ കൂട്ടുകെട്ടിനെ ഭരണത്തിൽനിന്ന് പുറത്താക്കേണ്ടത് ആവശ്യമാണെന്ന സന്ദേശം ഉയർത്തുന്ന മസ്ദൂർ കിസാൻ സംഘർഷ് റാലിയെ സാധ്യമായ എല്ലാ വഴികളിലൂടെയും പിന്തുണയ്ക്കണമെന്ന് രാജ്യത്തെ പുരോഗമന, ജനാധിപത്യ സംഘടനകളോടും സമ്മേളനം അഭ്യർഥിച്ചു.