വെല്ലിങ്ടൺ
ന്യൂസിലൻഡ് പ്രധാനമന്ത്രി ജസിൻഡ ആർഡേൺ രാജി പ്രഖ്യാപിച്ചു. അഞ്ചര വർഷം പദവിയിൽ തുടർന്നശേഷമാണ് പടിയിറക്കം. ഫെബ്രുവരി ഏഴിന് പ്രധാനമന്ത്രിപദത്തിൽ തന്റെ അവസാന ദിനമായിരിക്കുമെന്ന് നേപിയറിൽ അവർ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ലോകത്ത് തീവ്രവലതുപക്ഷം ശക്തിപ്രാപിക്കുന്ന ഘട്ടത്തിൽ മധ്യ ഇടതുപക്ഷത്തുനിന്ന് ശക്തമായ നടപടികൾ സ്വീകരിച്ച് ലോകശ്രദ്ധ നേടിയ നേതാവാണ് ആകസ്മിക രാജിപ്രഖ്യാപനത്തിലൂടെ ലോകത്തെ ഞെട്ടിച്ചിരിക്കുന്നത്. രാജി തീരുമാനത്തിന് കൃത്യമായ കാരണങ്ങളൊന്നും ജസിൻഡ നൽകിയിട്ടില്ല. പ്രധാനമന്ത്രിപദം വെല്ലുവിളി നിറഞ്ഞതാണെന്നും അതിനോട് ഇനി നീതി പുലർത്താനാകില്ലെന്നും മാത്രമാണ് വിശദീകരണം.
കൃത്യമായ പ്രതിരോധം തീർത്ത് 18 മാസക്കാലം കോവിഡ് മഹാമാരിയെ രാജ്യത്ത് പ്രവേശിപ്പിക്കാതിരിക്കാൻ ജസിൻഡയ്ക്കായി. 2019 മാർച്ചിൽ വെളുത്ത വംശജനായ അക്രമി ക്രൈസ്റ്റ്ചർച്ചിലെ രണ്ട് മോസ്കുകളിലായി 51 പേരെ വെടിവച്ച് കൊന്നതിനെ തുടർന്ന് ജസിൻഡ നടത്തിയ ഇടപെടലുകളും ശ്രദ്ധേയമായി. 2017ൽ 37–-ാം വയസ്സിൽ അധികാരത്തിലെത്തിയ ജസിൻഡ അധികാരത്തിലിരിക്കവെ അമ്മയാകുന്ന രണ്ടാമത്തെ ലോകനേതാവായി. ന്യൂയോർക്കിൽ ചേർന്ന യുഎൻ പൊതുസഭായോഗത്തിൽ കൈക്കുഞ്ഞുമായെത്തി.
എന്നാൽ, കടുത്ത കോവിഡ് നിയന്ത്രണങ്ങളുടെ പേരിൽ വിവിധ വിഭാഗങ്ങളുടെ എതിർപ്പും നേരിട്ടു. ഈവർഷം സ്കൂളിൽ ചേരുന്ന മകൾക്കൊപ്പം കൂടുതൽ സമയം ചെലവഴിക്കാനാകുമെന്ന് പ്രത്യാശ പ്രകടിപ്പിച്ച ജസിൻഡ പങ്കാളിയായ ക്ലർക്ക് ഗേഫോർഡുമായി വിവാഹിതയാകുമെന്നും സൂചിപ്പിച്ചു.