ന്യൂഡൽഹി> ലക്ഷദ്വീപ് ലോക്സഭാ മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനെ ചോദ്യംചെയ്ത് എംപിയായിരുന്ന മുഹമദ് ഫൈസൽ സുപ്രീംകോടതിയെ സമീപിച്ചു. വധശ്രമ കേസിൽ 10 വർഷം തടവ് വിധിച്ചുള്ള ലക്ഷദ്വീപ് സെഷൻസ് കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന അപേക്ഷ കേരള ഹൈക്കോടതി വെള്ളിയാഴ്ച പരിഗണിക്കാനിരിക്കെയാണ് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനമെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടി. വെള്ളിയാഴ്ച ചീഫ് ജസ്റ്റിസ് മുമ്പാകെ ഹർജി പരാമർശിക്കാനാണ് ശ്രമം.
ജനുവരി 11 നാണ് സെഷൻസ് കോടതി ഫൈസലിനെ 10 വർഷം തടവിന് വിധിച്ചത്. ജനുവരി 13 ന് ലോക്സഭാ സെക്രട്ടറി ജനറൽ എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കി വിജ്ഞാപനം പുറപ്പെടുവിച്ചു. ലക്ഷദ്വീപിൽ ഫെബ്രുവരി 27 ന് ഉപതെരഞ്ഞെടുപ്പ് നടക്കുമെന്ന് തെരഞ്ഞെടുപ്പ് കമീഷൻ ബീുധനാഴ്ച പ്രഖ്യാപിക്കുകയും ചെയ്തു. സ്റ്റേ അപേക്ഷ ഹൈക്കോടതി പരിഗണിക്കാനിരിക്കെ കമീഷൻ വിജ്ഞാപനം പുറപ്പെടുവിച്ചത് ഏകപക്ഷീയവും നിയമവിരുദ്ധവും ദുരുദ്ദേശ്യപരവുമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതിയിലെ ഫൈസലിന്റെ ഹർജി.