തിരുവനന്തപുരം> ആർജിച്ച നേട്ടങ്ങളിൽ ഊന്നിനിന്ന് കാലാനുസൃതമായി നവീകരിക്കാൻ കെൽട്രോണിന് സാധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അതിന് പുതിയ മേഖലകളിലേക്കുകൂടി കടക്കണം. എങ്കിലേ നാലാം വ്യവസായ വിപ്ലവത്തിന്റെ കാലത്ത് ശ്രദ്ധേയ മുന്നേറ്റം കൈവരിക്കാനാകൂവെന്നും കെൽട്രോൺ സുവർണ ജൂബിലി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു.
പുതിയ കാലത്തെ കുതിപ്പിനൊപ്പം നിൽക്കാൻ നല്ല ശ്രമം വേണ്ടിവരും. സാങ്കേതികരംഗത്ത് മൗലികമായ ആശയങ്ങളുടെ ദൗർലഭ്യമുണ്ട്. ഈ പരിമിതി മറികടക്കാൻ കൂട്ടായ പരിശ്രമം വേണം. ഗവേഷണ മേഖലയിൽ കാര്യക്ഷമമായി ഇടപെടണം. നല്ല കുതിച്ചുചാട്ടം ഉണ്ടാക്കാൻ ഇപ്പോൾ സാധിച്ചിട്ടുണ്ട്. ഇത് കൈവിടാതെ പഴയ പ്രതാപം തിരിച്ചുപിടിക്കണം. രാജ്യത്തെ കപ്പാസിറ്റർ വിപണിയിൽ മുൻനിരയിലാണ് കെൽട്രോൺ. ജനജീവിതം സുഗമമാക്കാനുള്ള ഉൽപ്പന്നങ്ങളും വിപണിയിലിറക്കി. ശ്രവണസഹായി അതിന് ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു.
അനുഭവത്തിൽനിന്ന് പാഠം ഉൾക്കൊണ്ട് പുതിയ കുതിപ്പിനുള്ള സവിശേഷ സന്ദർഭമാണിതെന്ന് ചടങ്ങിൽ അധ്യക്ഷനായ വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു. കെൽട്രോൺ ഹൈബ്രിഡ് ഡാറ്റാസെന്റർ വിത്ത് ആമസോൺ വെബ് സർവീസ് ഔട്ട് പോസ്റ്റ്, ഡിജിറ്റൽ ഫോറൻസിക് കിയോസ്കിനുവേണ്ടി സിഡാക്കുമായുള്ള ടെക്നോളജി കൈമാറ്റം, നിർമിതബുദ്ധി ഉപയോഗിച്ചുള്ള വെഹിക്കിൾ പ്രസൻസ് ഡിറ്റക്ടർ എന്നിവയുടെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിച്ചു.
എംഎൽഎമാരായ കടകംപള്ളി സുരേന്ദ്രൻ, വി കെ പ്രശാന്ത്, കെൽട്രോൺ മുൻ എംഡി ഡോ. അജയ് കുമാർ, ചെയർമാനും എംഡിയുമായ എൻ നാരായണമൂർത്തി, സി ദിവാകരൻ, എപിഎം മുഹമ്മദ് ഹനീഷ്, ഡോ. ആർ അശോക്, വി ജെ ജോസഫ്, വി സി ബിന്ദു, ഒ കെ ജയപ്രകാശ്, ബെറ്റി ജോൺ എന്നിവർ സംസാരിച്ചു.