കൊച്ചി
ലക്ഷദ്വീപ് എംപിയെ അയോഗ്യനാക്കി ലോക്സഭ സെക്രട്ടറിയറ്റ് വിജ്ഞാപനം പുറപ്പെടുവിച്ച് അഞ്ചാംനാൾ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനം. ദ്വീപിൽ ബിജെപിയുടെ രാഷ്ട്രീയ അജൻഡ ശക്തമായ ചെറുത്തുനിൽപ്പ് നേരിടുമ്പോഴാണ് എംപിക്കെതിരായ കോടതിവിധി അവസരമാക്കി തിടുക്കത്തിൽ പ്രഖ്യാപനം. അഡ്മിനിസ്ട്രേറ്റർ പ്രഫുൽ കെ പട്ടേലിലൂടെ കേന്ദ്രസർക്കാർ അടിച്ചേൽപ്പിക്കുന്ന തീരുമാനങ്ങളിൽ പൊറുതി മുട്ടി എംപിയും ദ്വീപുനിവാസികളും പ്രതിഷേധിക്കുമ്പോഴാണ് കോടതിവിധിയുടെ മറവിൽ എംപി അയോഗ്യനാക്കപ്പെടുന്നത്. ജനുവരി 11ന് വിധി വന്നതിനെത്തുടർന്ന് 13ന് തന്നെ ലോക്സഭാ അംഗത്വത്തിൽനിന്ന് അയോഗ്യനാക്കപ്പെട്ടു; 18ന് അസാധാരണവേഗത്തിൽ ഉപതെരഞ്ഞെടുപ്പും പ്രഖ്യാപിച്ചു. ശിക്ഷയ്ക്കെതിരെ എംപി ഹൈക്കോടതിയിൽ നൽകിയ അപ്പീലിൽ വെള്ളിയാഴ്ച വിധി പറയാനിരിക്കെയാണ് ബുധനാഴ്ച ഉപതെരഞ്ഞെടുപ്പ് തീയതി വന്നത്.
ലക്ഷദ്വീപിൽ സ്കൂൾ കുട്ടികളുടെ ഉച്ചഭക്ഷണത്തിൽനിന്ന് മാംസവും മീനും ഒഴിവാക്കൽ, അത്യാസന്നനിലയിലുള്ള രോഗികളെ കേരളത്തിൽ എത്തിക്കാനുള്ള എയർ ആംബുലൻസ് സംവിധാനത്തിന് നിയന്ത്രണം, കൊച്ചിയിലേക്കുള്ള കപ്പലുകളുടെ അറ്റകുറ്റപണി വൈകിച്ച് മംഗലാപുരത്തേക്ക് കപ്പൽയാത്രയ്ക്ക് പ്രേരിപ്പിക്കുക, ആൾത്താമസമില്ലാത്ത ദ്വീപുകളിലെ സ്വന്തം കൃഷിയിടത്തിലേക്കുപോലും സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കുക, ഈ ദ്വീപുകൾ വിനോദസഞ്ചാരത്തിനെന്നപേരിൽ കോർപറേറ്റുകൾക്ക് തീറെഴുതാനുള്ള നീക്കം എന്നിങ്ങനെ ബിജെപിസർക്കാർ അഡ്മിനിസ്ട്രേറ്ററിലൂടെ നടപ്പാക്കുന്ന പരിഷ്കാരങ്ങൾക്കെതിരെ എൻസിപി അംഗമായ എംപിയും സിപിഐ എം ഉൾപ്പെടെയുള്ള രാഷ്ട്രീയ പാർടികളും കടുത്ത പ്രതിഷേധം ഉയർത്തുന്ന വേളയിലാണ് ഈ അതിവേഗ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനം.
തുടർച്ചയായി രണ്ടാംതവണയും എംപിയായ പി പി മുഹമ്മദ് ഫൈസൽ 2009ലെ ലോക്സഭാ തെരഞ്ഞെടുപ്പിനിടെയുണ്ടായ അക്രമം സംബന്ധിച്ച കേസിലാണ് 10 വർഷം തടവിനു ശിക്ഷിക്കപ്പെട്ടത്. ദീർഘകാലം കോൺഗ്രസ് എംപിയായിരുന്നു മുൻ കേന്ദ്രമന്ത്രി പി എം സെയ്ദിന്റെ മരുമകൻ മുഹമ്മദ് സ്വാലിഹിനെ വധിക്കാൻ ശ്രമിച്ചെന്ന കേസിലാണ് കവരത്തി കോടതി ശിക്ഷിച്ചത്. 2009ൽ സെയ്ദിന്റെ മകൻ മുഹമ്മദ് ഹംദുള്ള സെയ്ദാണ് ലോക്സഭയിലേക്ക് വിജയിച്ചതെങ്കിലും 2014ലും 2019ലും ഹംദുള്ളയെ മുഹമ്മദ് ഫൈസൽ തോൽപ്പിച്ചു. രാജ്യത്തെ ഏറ്റവും ചെറിയ ലോക്സഭാ മണ്ഡലമായ ലക്ഷദ്വീപിൽ ആകെ വോട്ടർമാർ 49,922. ഉപതെരഞ്ഞെടുപ്പ് നടത്താൻ ആറുമാസമുണ്ടെന്നിരിക്കെ ഇത്രവേഗം തീയതി പ്രഖ്യാപിച്ചതിനുപിന്നിൽ അത്രനല്ല ഉദ്ദേശ്യമാകാനിടയില്ലായെന്ന് ഡോ. സെബാസ്റ്റ്യൻപോൾ പറഞ്ഞു.