കൊച്ചി
പോപ്പുലർ ഫ്രണ്ട് മിന്നൽ ഹർത്താലിലെ നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം ഈടാക്കാൻ മുൻകൂർ നോട്ടീസ് നൽകാതെ ജപ്തിനടപടി ആരംഭിക്കാമെന്ന് ഹൈക്കോടതി. നഷ്ടപരിഹാരത്തുകയായ 5.2 കോടി രൂപ കെട്ടിവയ്ക്കണമെന്ന ഉത്തരവ് പാലിക്കാത്തതിനാൽ മുൻകൂർ നോട്ടീസ് നൽകേണ്ടതില്ലെന്നും റവന്യു റിക്കവറി നിയമത്തിലെ 35–-ാം വകുപ്പ് അനുസരിച്ച് മുന്നോട്ടുപോകാമെന്നും കോടതി വ്യക്തമാക്കി.
കെഎസ്ആർടിസിക്കുൾപ്പെടെ നൽകാനുള്ളതാണ് നഷ്ടപരിഹാരം. പോപ്പുലർ ഫ്രണ്ടിന്റെയും ഭാരവാഹികളുടെയും ജപ്തി നടപടി പൂർത്തിയാക്കി 23ന് റിപ്പോർട്ട് നൽകണമെന്നും സ്വത്തുവകകളുടെ ജില്ല തിരിച്ചുള്ള വിവരംവേണമെന്നും ജസ്റ്റിസുമാരായ എ കെ ജയശങ്കരൻ നമ്പ്യാർ, സി പി മുഹമ്മദ് നിയാസ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് നിർദേശിച്ചു.
പോപ്പുലർ ഫ്രണ്ട് ഓഫീസുകളിലെ എൻഐഎ റെയ്ഡിൽ പ്രതിഷേധിച്ചായിരുന്നു കഴിഞ്ഞ സെപ്തംബർ 23ലെ ഹർത്താൽ ആഹ്വാനം. ഹർത്താലിൽനടന്ന അക്രമങ്ങൾക്കെതിരെ കോടതി സ്വമേധയാ എടുത്ത കേസുകളാണ് പരിഗണിക്കുന്നത്. ഡിസംബറിൽ പരിഗണിച്ചപ്പോൾ ജനുവരി പതിനഞ്ചിനകം ജപ്തിയുടെ ആദ്യഘട്ടം പൂർത്തിയാക്കുമെന്നും തുടർന്ന് ഒരുമാസത്തിനകം റവന്യു റിക്കവറി പൂർത്തിയാക്കുമെന്നും അറിയിച്ചിരുന്നു.
ഇത് സംബന്ധിച്ച റിപ്പോർട്ട് ബുധനാഴ്ച സർക്കാർ കോടതിയിൽ സമർപ്പിച്ചു. റവന്യു നടപടികൾക്ക് നിയോഗിച്ചിരുന്ന അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. വി വേണു അപകടത്തെ തുടർന്ന് ചികിത്സയിലാണ്. ജപ്തിയിൽ വീഴ്ച വരുത്തിയിട്ടില്ല. സ്വത്ത് കണ്ടുകെട്ടാൻ നടപടി ആരംഭിച്ചു. പോപ്പുലർ ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൽ സത്താറിന് നോട്ടീസ് നൽകിയിട്ടുണ്ട്. സംഘടനാഭാരവാഹികളെ കണ്ടെത്താനുള്ള നടപടികൾ ഐജി രജിസ്ട്രേഷൻ, സംസ്ഥാന പൊലീസ് മേധാവി, ലാൻഡ് റവന്യു കമീഷണർ എന്നിവർ ആരംഭിച്ചു. ജില്ലകളിലെ പോപ്പുലർ ഫ്രണ്ട് ഭാരവാഹികളുടെ സ്വത്തുവിവരങ്ങൾ ലഭിച്ചതായും സർക്കാർ അറിയിച്ചു. ഹർജികൾ 24ന് പരിഗണിക്കും.