ന്യൂഡൽഹി
ഇന്ത്യൻ ഗുസ്തി ഫെഡറേഷൻ പ്രസിഡന്റ് ബ്രിജ് ഭൂഷൺ സിങ്ങിനെതിരെ പ്രതിഷേധം പുകയുന്നു. ഫെഡറേഷൻ ആസ്ഥാനത്ത് ബജ്രംഗ് പൂണിയ, വിനീഷ് ഫൊഗാട്ട്, സാക്ഷി മാലിക് തുടങ്ങിയ മുൻനിര ഗുസ്തി താരങ്ങളുടെ നേതൃത്വത്തിൽ പ്രതിഷേധം നടത്തി. ബ്രിജ് ഭൂഷണിനെതിരെ ലൈംഗിക ആരോപണങ്ങളാണ് ഉയർന്നിരിക്കുന്നത്. സംഭവം പുറത്തറിയിച്ചാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും താരങ്ങൾ ആരോപിച്ചു.
പ്രസിഡന്റ് അധിക്ഷേപിക്കുകയാണെന്ന് ഒളിമ്പിക് മെഡൽ ജേതാവ് ബജ്രംഗ് പറഞ്ഞു. പല കളിക്കാരെയും അവഗണിക്കുകയാണ്. മതിയായ സൗകര്യങ്ങൾ ഒന്നും നൽകുന്നില്ലെന്നും ബജ്രംഗ് വ്യക്തമാക്കി. പ്രസിഡന്റിൽനിന്ന് മാനസികമായ പീഡനം നേരിട്ടെന്ന് ഏഷ്യൻ–-കോമൺവെൽത്ത് ചാമ്പ്യൻ വിനേഷ് ഫൊഗാട്ട് അറിയിച്ചു. ആത്മഹത്യയെപ്പറ്റിവരെ ചിന്തിച്ചു. വനിതാ താരങ്ങൾ ലൈംഗികാതിക്രമണം നേരിടുന്നത് പ്രധാനമന്ത്രിയെ അറിയിച്ചിരുന്നു. ഇതിനുശേഷം വധഭീഷണിയുമുണ്ടെന്ന് ഇരുപത്തെട്ടുകാരി പറഞ്ഞു. ബിജെപി നേതാവായ ബ്രിജ് ഭൂഷൺ ഉത്തർപ്രദേശിലെ കൈസെർഗഞ്ജ് എംപിയാണ്.