മെൽബൺ
ഒടുവിൽ റാഫേൽ നദാൽ തളർന്നു. പുറംവേദനയുടെ അസ്വസ്ഥതകൾക്കിടെ ഓസ്ട്രേലിയൻ ഓപ്പൺ ടെന്നീസിന്റെ രണ്ടാംറൗണ്ടിൽ നദാൽ മടങ്ങി. അമേരിക്കയുടെ മക്കെൻസീ മക്ഡൊണാൾഡിനോട് നേരിട്ടുള്ള സെറ്റുകൾക്ക് തോറ്റാണ് നിലവിലെ ചാമ്പ്യന്റെ മടക്കം (4–-6, 3–-6, 5–-7). രണ്ടാംസെറ്റിനിടെ വേദന അനുഭവപ്പെട്ടതിനെത്തുടർന്ന് മുപ്പത്താറുകാരന് മെഡിക്കൽ പരിശോധന വേണ്ടിവന്നു.
2016നുശേഷം ആദ്യമായാണ് നദാൽ ഓസ്ട്രേലിയൻ ഓപ്പണിൽനിന്ന് പ്രാഥമികഘട്ടത്തിൽ പുറത്താകുന്നത്. കഴിഞ്ഞവർഷം രണ്ട് ഗ്രാൻഡ്സ്ലാം കിരീടങ്ങളുമായി മിന്നുന്ന തിരിച്ചുവരവ് നടത്തിയ നദാലിന് ഈ വർഷം തിരിച്ചടികളിലൂടെയാണ് തുടക്കം. റോഡ് ലേവർ അരീനയിൽ ഒരുഘട്ടത്തിൽപ്പോലും സ്പാനിഷുകാരന് മികച്ചകളി പുറത്തെടുക്കാനായില്ല. കാഴ്ചക്കാരുടെ കൂട്ടത്തിലുണ്ടായിരുന്ന നദാലിന്റെ ഭാര്യ കണ്ണീരോടെയായിരുന്നു മടങ്ങിയത്.
ഇരുപത്തിമൂന്നാം ഗ്രാൻഡ്സ്ലാം കിരീടമെന്ന ലക്ഷ്യവുമായാണ് നദാൽ മെൽബണിൽ എത്തിയത്. ആദ്യ റൗണ്ടിൽ ബ്രിട്ടന്റെ ജാക് ഡ്രാപ്പറെ നേരിട്ടുള്ള സെറ്റുകളിൽ തോൽപ്പിച്ചു. പക്ഷേ, രണ്ടാം റൗണ്ടിൽ മക്ഡൊണാൾഡിന്റെ വേഗതയ്ക്കുമുന്നിൽ പിടിച്ചുനിൽക്കാനായില്ല. രണ്ടാംറാങ്കുകാരനും ഓസ്ട്രേലിയൻ ഓപ്പണിലെ ഒന്നാംസീഡുമായിരുന്നു നദാൽ. വനിതകളിൽ മുൻ യുഎസ് ഓപ്പൺ ചാമ്പ്യൻ എമ്മ റഡുകാനു രണ്ടാംറൗണ്ടിൽ മടങ്ങി. അമേരിക്കയുടെ കൊകൊ ഗഫ് നേരിട്ടുള്ള സെറ്റുകളിൽ തോൽപ്പിച്ചു (6–-3, 7–-6).
ഒന്നാംസീഡ് ഇഗ ഷ്വാടെക്, ജെസീക്ക പെഗുല, മരിയ സക്കാറി, മാഡിസൺ കീസ് എന്നിവർ മുന്നേറി. പുരുഷന്മാരിൽ മൂന്നാംസീഡ് സ്റ്റെഫനോസ് സിറ്റ്സിപാസ്, ഡാനിൽ മെദ്വദെവ് എന്നിവരും മൂന്നാംറൗണ്ടിലെത്തി.