ന്യൂഡൽഹി
മരുന്നടിയുടെ അപമാനത്തിൽ വീണ്ടും ഇന്ത്യൻ അത്ലറ്റിക്സ്. 100 മീറ്ററിലെ ദേശീയ റെക്കോഡുകാരി ദ്യുതി ചന്ദാണ് ഒടുവിലായി മരുന്നടി പട്ടികയിൽ ഉൾപ്പെട്ടത്. ദ്യുതി നിരോധിതമരുന്ന് ഉപയോഗിച്ചതായി കണ്ടെത്തി. ഇതോടെ ഇരുപത്താറുകാരിയെ താൽക്കാലികമായി വിലക്കി.
ബി സാമ്പിൾ ഫലവും പോസിറ്റീവായാൽ നാലുവർഷംവരെ വിലക്കുണ്ടാകും. സംഭവത്തെക്കുറിച്ച് അറിയില്ലെന്നായിരുന്നു ദ്യുതിയുടെ പ്രതികരണം.
പേശികൾക്കും ശരീരത്തിനും അമിത ഊർജം നൽകുന്ന അനബോളിക് സ്റ്റിറോയ്ഡ് വിഭാഗത്തിൽപ്പെട്ട മരുന്നാണ് ദ്യുതി ഉപയോഗിച്ചത്. ഡിസംബർ 15ന് ഭുവനേശ്വറിൽനിന്നാണ് ദ്യുതിയുടെ സാമ്പിൾ ശേഖരിച്ചത്. 2014ൽ ടെസ്റ്റോസ്റ്റെറോൺ ഹോർമോണിന്റെ അളവ് കൂടുതലായി കണ്ടെത്തിയതിനെ തുടർന്ന് ദ്യുതിക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്നു. നീണ്ട പോരാട്ടത്തിനുശേഷമാണ് വിലക്ക് നീക്കിയത്.
ലോക അത്ലറ്റിക്സിൽ റഷ്യ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ മരുന്നടിക്ക് പിടിക്കപ്പെട്ട അത്ലീറ്റുകൾ ഇന്ത്യയിലാണ്, 63 പേർ. റഷ്യയിൽ 87 താരങ്ങൾ വിലക്കിലാണ്.