തിരുവനന്തപുരം
കേരളത്തിലേക്ക് വന്ദേഭാരത് ട്രെയിനും ടിൽറ്റിങ് ട്രെയിനും അനുവദിക്കുമെന്ന പ്രചാരണം തള്ളി റെയിൽവേ. തിരുവനന്തപുരം –- മംഗളൂരൂ പാതയിൽ 160 കി.മീ. വേഗതയാക്കാനുള്ള പദ്ധതിയും എങ്ങുമെത്തിയിട്ടില്ല. വേഗത കൂട്ടുന്ന പദ്ധതിയിൽ ഇപ്പോൾ കേരളത്തിൽനിന്നുള്ള പൊള്ളാച്ചി–-പാലക്കാട് പാത മാത്രമാണെന്നും ദക്ഷിണ റെയിൽവേ.
120 കി.മീ. ശരാശരി വേഗതയുള്ള വന്ദേഭാരത് അനുവദിച്ച ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളമില്ല. തിരുവനന്തപുരത്തുനിന്ന് കോഴിക്കോട്, കണ്ണൂർ റൂട്ടിൽ വന്ദേഭാരത് അനുവദിക്കുമെന്നാണ് കേന്ദ്ര സഹമന്ത്രി വി മുരളീധരന്റെ ഓഫീസും ബിജെപി കേന്ദ്രങ്ങളും മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചത്. കേരളത്തിലെ റെയിൽവേ ട്രാക്ക് വളവും തിരിവും കയറ്റിറക്കങ്ങളും വൻതോതിലുള്ളതിനാൽ സ്പെയിനിൽ ഉപയോഗിക്കുന്ന ‘ടിൽറ്റിങ് ട്രെയിൻ ’ അനുവദിക്കുമെന്നും പ്രചാരണമുണ്ടായിരുന്നു. എന്നാൽ, കേരളത്തിന് വന്ദേഭാരത്, ടിൽറ്റിങ് ട്രെയിൻ എന്നൊരു നിർദേശംതന്നെ ഇല്ലെന്ന് ചെന്നൈയിലെ ദക്ഷിണമേഖലാ റെയിൽവേ വർക്സ് വിഭാഗം വിവരാവകാശ രേഖപ്രകാരം മറുപടി നൽകി. നിലവിൽ ദക്ഷിണേന്ത്യയിൽ വന്ദേഭാരത് ഒരു വണ്ടി ഓടിത്തുടങ്ങിയത് ചെന്നൈ –- മൈസൂരു റൂട്ടിലാണ്.
കേരളത്തിൽ വന്ദേഭാരത് അനുവദിച്ചാലും ഓടിക്കാനുള്ള സൗകര്യം നിലവിലുള്ള ലൈനിന് ഇല്ലെന്ന് റെയിൽവേ വ്യക്തമാക്കുന്നു. പൊള്ളാച്ചി–- പാലക്കാട് ലൈനിൽ മാത്രമാണ് വേഗതകൂട്ടാനുള്ള തീരുമാനമുള്ളുവെന്ന് അജയ്കുമാർ പ്ലാവോടിന് വിവരാവകാശപ്രകാരമുള്ള മറുപടിയിൽ വ്യക്തമാക്കി. തിരുവനന്തപുരം –- മംഗളൂരു ലൈനിൽ വേഗത കൂട്ടാനുള്ള സാധ്യതാപഠനം എങ്ങുമെത്തിയിട്ടില്ല.
പൂർത്തിയായ തിരുവനന്തപുരം –- ഷൊർണൂർ വരെയുള്ള പഠനത്തിൽ പല പ്രദേശത്തും വെവ്വേറെ വേഗതയേ സധിക്കൂവെന്നാണ് വ്യക്തമാകുന്നത്. പണി പൂർത്തിയായാലും കായംകുളം –- തുറവൂർ, തുറവൂർ –- എറണാകുളം, എറണാകുളം –- ഷൊർണൂർ മേഖലകളിൽ ശരാശരി 90–-100 കി.മീ. വേഗതയേ ലഭിക്കൂ.
വേഗത വർധിപ്പിക്കാൻ ലൈനിലെ വളവുകൾ നിവർത്തണമെന്നാണ് പഠനത്തിൽ പറയുന്നത്. ക്രോസിങ്ങുകൾ കൂടുതലുള്ള മേഖലകളിൽ മതിൽ കെട്ടണം, എല്ലായിടത്തും 60 കെജി ട്രാക്ക് സ്ഥാപിക്കണം, പാലങ്ങൾ ബലപ്പെടുത്തണം, ഓട്ടോമാറ്റിക് സിഗ്നലാക്കണം എന്നീ നിർദേശങ്ങളുമുണ്ട്. വർഷങ്ങൾ എടുക്കുന്ന ഈ ജോലികൾ നടത്താൻ കൊല്ലംപോലുള്ള നഗരങ്ങളിൽ ട്രെയിൻ ഗതാഗതംതന്നെ നിർത്തിവയ്ക്കേണ്ടി വന്നേക്കും.