ജമ്മു
കത്വ കേസ് അട്ടിമറിക്കാൻ കാരണക്കാരനായ മുൻമന്ത്രി ലാൽ സിങ്ങിനെ രാഹുൽ ഗാന്ധിക്കൊപ്പം ഭാരത് ജോഡോ യാത്രയിൽ പങ്കെടുപ്പിക്കുന്നതിൽ പ്രതിഷേധിച്ച് കോൺഗ്രസ് വിട്ട് ജമ്മു കശ്മീർ വക്താവ് ദീപിക പുഷ്കർ നാഥ്. രാജ്യമനഃസാക്ഷിയെ ഞെട്ടിച്ച, എട്ടുവയസ്സുകാരിയെ ക്ഷേത്രത്തിൽവച്ച് കൂട്ടബലാത്സംഗം ചെയ്ത് കൊന്ന കേസ് അട്ടിമറിച്ചയാളെ പരിപാടിയിൽ പങ്കെടുപ്പിക്കുന്നത് ആശയപരമായി അംഗീകരിക്കാനാകില്ലെന്ന് അവർ പറഞ്ഞു. കേസിൽ കുട്ടിയുടെ മാതാപിതാക്കൾക്കായി ജമ്മു ഹൈക്കോടതിയിൽ ഹാജരായ അഭിഭാഷകകൂടിയാണ് ദീപിക.
പെൺകുട്ടി ക്രൂരമായി കൊല്ലപ്പെട്ട കേസിലും മേഖലയിലെ ജനങ്ങളെ ഭിന്നിപ്പിക്കാനും പ്രതികളെ സംരക്ഷിക്കാനുമായി പ്രവർത്തിച്ചയാളാണ് ലാൽ സിങ്. ഇദ്ദേഹത്തെ പങ്കെടുപ്പിക്കുന്നത് ജോഡോ യാത്രയുടെ ആശയത്തിനുതന്നെ എതിരാണ് –- ദീപിക ട്വീറ്റ് ചെയ്തു. 2014ലാണ് ഇരുവട്ടം എംപിയും മൂന്നുവട്ടം എംഎൽഎയുമായ ലാൽ സിങ് കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേക്കേറിയത്. പിഡിപി–- ബിജെപി മന്ത്രിസഭയിൽ അംഗമായി. 2018ൽ മന്ത്രിസഭ വീഴുന്നതിന് മാസങ്ങൾ മുമ്പാണ് ബിജെപിയിൽനിന്ന് രാജിവച്ച് ഡിഎസ്എസ്പി എന്ന പുതിയ പാർടി രൂപീകരിച്ചത്.
പഞ്ചാബിലെ നേതാവ് ബിജെപിയിൽ
പഞ്ചാബിലെ മുതിർന്ന കോൺഗ്രസ് നേതാവും മുൻ ധനമന്ത്രിയുമായ മൻപ്രീത് സിങ് ബാദൽ പാർടിയിൽനിന്ന് രാജിവച്ച് ബിജെപിയിൽ ചേർന്നു. രാഹുൽഗാന്ധിക്ക് രാജിക്കത്ത് അയച്ച് മണിക്കൂറുകൾക്ക് അകമാണ് മൻപ്രീത് ബിജെപിയിൽ ചേർന്നത്. ഡൽഹി ബിജെപി ആസ്ഥാനത്ത് എത്തിയ അദ്ദേഹത്തിന് കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ അംഗത്വം നൽകി. ബിജെപി അംഗത്വം എടുത്ത അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വാനോളം പുകഴ്ത്തി. രാജ്യം പാർലമെന്റ് തെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങളിലേക്ക് കടന്നതോടെ കോൺഗ്രസിൽനിന്ന് ബിജെപിയിലേക്കുള്ള കൂറുമാറ്റം വീണ്ടും തുടങ്ങി. കേന്ദ്രമന്ത്രിമാരും എംപിമാരും എംഎൽമാരുമടക്കം 180ലേറെപേരാണ് കോൺഗ്രസിൽനിന്ന് ഇതുവരെ ബിജെപിയിൽ ചേർന്നത്.