തിരുവനന്തപുരം> സംസ്ഥാനത്തെ ഭക്ഷണവിതരണ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ഫെബ്രുവരി ഒന്നുമുതൽ ഹെൽത്ത് കാർഡ് നിർബന്ധമാക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. കാർഡില്ലാത്ത ജീവനക്കാരുള്ള സ്ഥാപനങ്ങളെ പ്രവർത്തിക്കാൻ അനുവദിക്കില്ല. ഹെൽത്ത് കാർഡ് എടുക്കാൻ ജീവനക്കാർക്ക് രണ്ടാഴ്ചയോളം സമയം ഇനിയുമുണ്ട്. ഇവർക്ക് വ്യാജ സർട്ടിഫിക്കറ്റ് നൽകാൻ ഏതെങ്കിലും ഡോക്ടർമാർ തയാറായാൽ അവരുടെ രജിസ്ട്രേഷൻ അടക്കം റദ്ദാക്കുമെന്നും മന്ത്രി പറഞ്ഞു.
പകർച്ചവ്യാധികൾ അടക്കമുള്ള രോഗങ്ങൾ ജീവനക്കാർക്കില്ല എന്ന് ഉറപ്പിക്കുന്നതിനാണ് ഹെൽത്ത് കാർഡ് നിർബന്ധമാക്കുന്നത്. സ്ഥാനപങ്ങളിലെ ശുചിത്വം ഉറപ്പാക്കുകയും ഭക്ഷ്യസുരക്ഷാവകുപ്പിന്റെ പ്രധാന ലക്ഷ്യമാണ്. പരിശോധനയിൽ പൂട്ടുന്ന സ്ഥാപനങ്ങളുടെ പേരുവിവരം അടക്കം പ്രസിദ്ധീകരിക്കുമെന്നും മന്ത്രി പറഞ്ഞു.