തിരുവനന്തുപുരം > 73-ാം വയസിൽ പത്താം ക്ലാസ് തുല്യതാ പരീക്ഷ പാസായി നടി ലീന ആന്റണി. സംസ്ഥാന സാക്ഷരത മിഷന്റെ 10-ാംതരം തുല്യത പരീക്ഷ എഴുതിയ ലീന വിജയംനേടി. നാടകത്തിലും തുടർന്ന് സിനിമയിലും ശ്രദ്ദേ നേടിയ ലീന ആൻറണി നാടകപ്രവർത്തകനും ചിലച്ചിത്ര നടനുമായിരുന്ന പരേതനായ കെ എൽ ആന്റണിയുടെ ഭാര്യയാണ്.
തൈക്കാട്ടുശേരി ഉളവയ്പ് സ്വദേശിനിയായ ലീന ഏഴാം ക്ലാസ് വിജയിച്ചെങ്കിലും തുടർപഠനം നടത്താൻ അന്നത്തെ സാഹചര്യത്തിൽ കഴിഞ്ഞില്ല. പീന്നീട് ആൻറണിക്കൊപ്പം വിവാഹവും നാടക തിരക്കുമായി ജുവിതം മാറി. കുറച്ചുവർഷം മുന്നേ ആൻറണിയുടെ മരണത്തോടെയുണ്ടായ ഒറ്റപ്പെടൽ മാറാൻ പഠനത്തിലേക്ക് തിരിയുകയായിരുന്നു. മക്കളും കൂടെ നിന്നു.
പാണാവള്ളി എൻഎസ്എസ് സ്കൂളിലെ കേന്ദ്രത്തിലായിരുന്നു തുല്യത ക്ലാസിൽ പങ്കെടുത്തത്. പ്രേരക് രമണിയുടെ സഹായത്തോടെയായിരുന്നു പാഠഭാഗങ്ങൾ ഹൃദിസ്ഥമാക്കിയത്.2022 സെപ്തംബർ 12ന് ചേർത്തല ഗവ. ഗേൾസ് എച്ച്എസ്എസിലെ കേന്ദ്രത്തിൽ മറ്റ് 23 പേർക്കൊപ്പമാണ് പരീക്ഷയെഴുതിയത്. കമ്യൂണിസ്റ്റ് പ്രവർത്തകനായിരുന്ന അച്ഛൻ ശൗരി മകളെ പഠിപ്പിക്കാൻ ഏറെ താത്പര്യപ്പെട്ടിരുന്നു. ലീനയ്ക്കും സഹോദരി അന്നാമ്മയ്ക്കും നാടകവും കഥകളിയുമെല്ലാം പഠിക്കാൻ ശൗരി അവസരമൊരുക്കിയിരുന്നു. കമ്യൂണിസ്റ്റ് പാർട്ടിയുടെ പോസ്റ്ററുകളും മറ്റും എഴുതിയതു ലീനയുടെ ഓർമയിലുണ്ട്.
നാടകത്തിലുണ്ടായിരുന്നെങ്കിലും ‘മഹേഷിന്റെ പ്രതികാരം’ സിനിമയിൽ അമ്മച്ചിയായാണ് ലീന വെള്ളിത്തിരയിൽ എത്തിയത്. അതിൽ ഭർത്താവ് ആന്റണിയും ശ്രദ്ധേയമായ വേഷം ചെയ്തിരുന്നു. ജോ ആൻറ് ജോ, മകൾ എന്നീ സിനിമകളിലും ലീന അഭിനയിച്ചു. നാടകത്തിലെ വലിയ ഡയലോഗുകൾ കാണാപാഠമാക്കിയ പരിചയം പഠനത്തെ സഹായിക്കുന്നുണ്ടെന്ന് ലീന പറഞ്ഞു. പരീക്ഷ പാസായ നടിയെ മന്ത്രി വി ശിവൻകുട്ടി അഭിനന്ദിച്ചു.
മന്ത്രിയുടെ കുറിപ്പ്:
2022 സെപ്റ്റംബർ 12 ന് ഞാൻ ഫേസ്ബുക്കിൽ സാക്ഷരതാ മിഷന്റെ 10-ാം തരം തുല്യതാ പരീക്ഷ എഴുതി പുറത്തിറങ്ങിയ 73 – കാരിയും സിനിമാ – നാടക നടിയുമായ ശ്രീമതി ലീന ആന്റണിയെ കുറിച്ച് ഒരു പോസ്റ്റ് പങ്കുവെച്ചിരുന്നു. അതിങ്ങനെയാണ്. “പ്രായം വെറും നമ്പർ മാത്രമെന്ന് വെറുതെ പറയുന്നതല്ല കേട്ടോ. സംസ്ഥാന സാക്ഷരതാ മിഷന്റെ 10-ാം തരം തുല്യതാ പരീക്ഷ എഴുതി പുറത്തിറങ്ങിയ ഈ 73 – കാരിയെ നിങ്ങൾക്കെല്ലാവർക്കുമറിയാം.
ചേർത്തല ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലാണ് സിനിമാ – നാടക നടി ശ്രീമതി ലീന ആന്റണി പരീക്ഷ എഴുതിയത്. ശ്രീമതി ലീന ആന്റണി ഏവർക്കും ഒരു മാതൃകയാണ്. അഭിനന്ദനങ്ങൾ” SAY പരീക്ഷ റിസൾട്ട് വന്നു. ശ്രീമതി ലീന ആന്റണി പത്താം ക്ലാസ് വിജയിച്ചു. മുതിർന്നവർക്ക് സാക്ഷരതാ മിഷന്റെ തുല്യതാ കോഴ്സ് വഴി തുടർപഠനസൗകര്യം ഒരുക്കിയതിലൂടെയാണ് ശ്രീമതി ലീന ആന്റണി പത്താം ക്ലാസിൽ വിജയിക്കാനായത്. സന്തോഷം, അഭിമാനം…ശ്രീമതി ലീന ആന്റണിയ്ക്കും ഇതുപോലെ പൊരുതി വിജയം നേടിയവർക്കും അഭിനന്ദനങ്ങൾ.