തൃപ്പൂണിത്തുറ
ഉദയംപേരൂർ പുത്തൻപുരയിൽ സുധീർ വീടിന്റെ ടെറസിൽ ഒരുക്കിയ മഴമറയിൽ വിളയുന്നത് പാകിസ്ഥാൻ മൾബെറിമുതൽ ചതുരപ്പയർവരെ. 12 വർഷത്തെ പ്രവാസത്തിനുശേഷം നാട്ടിലെത്തിയ ഇദ്ദേഹം, കൃഷിഭവന്റെ സഹായത്തോടെയാണ് വീടിനുമുകളിൽ കൃഷിയൊരുക്കിയത്. വെർട്ടിക്കൽ ഗാർഡൻ രീതിയിൽ ചെയ്യുന്ന ഈ കൃഷിയിടത്തിൽ മുന്തിരി, കാരറ്റ്, ബീറ്റ്റൂട്ട്, പൊന്നാങ്കണ്ണിച്ചീര, തക്കാളി, വെണ്ട, വഴുതന, കോവൽ, നിത്യവഴുതന, കാന്താരി, ഡ്രാഗൺഫ്രൂട്ട്, താമര, അമ്പഴം, മിറാക്കിൾഫ്രൂട്ട്, സ്വീറ്റ്കോകം, സുറിനാംചെറി, വൈറ്റ് ഞാവൽ, തായ്വാൻ പിങ്ക്, പപ്പായ, സീഡ്ലസ്സ് ലെമൺ, വെള്ളരി, സ്വീറ്റ്കോൺ, നാരങ്ങ, കോളിഫ്ലവർ, മനില ടെന്നീസ് ചെറി എന്നിവയും വിളയുന്നു.
കുറഞ്ഞ സ്ഥലത്തുനിന്ന് കൂടുതൽ ഉൽപ്പാദനം നടത്തുന്ന സുധീർ, ഉദയംപേരൂരിലെ കർഷകകൂട്ടായ്മയുടെ സസ്യ ഇക്കോ ഷോപ്പ് വഴി വിൽപ്പനയും നടത്തുന്നു. ആമ്പല്ലൂരിൽ 35 സെന്റ് ഭൂമിയിൽ കൈരളി, തെക്കൻ പന്നിയൂർ 1, 2, കരിമുണ്ട തുടങ്ങിയ കുരുമുളകും വിയറ്റ്നാം സൂപ്പർ ഏർലി, സിന്ദൂരവരിക്ക, മുട്ടൻവരിക്ക, ജാക്ക് 65, ഗംലസ് പ്ലാവുകൾ, റംബൂട്ടാൻ, ജാതി, കശുമാവ് എന്നിവയും കൃഷി ചെയ്യുന്നു. കൃത്യമായി പരിപാലിക്കുന്നതിനാൽ ഒരു കശുമാവിൽനിന്ന് രണ്ടുകിലോ കശുവണ്ടി ലഭിക്കുന്ന സ്ഥാനത്ത് സ്ഥിരമായി അഞ്ചുകിലോയാണ് സുധീറിന്റെ കശുമാവ് നൽകുന്ന ഫലം. സമ്മിശ്രകൃഷി നടത്തുന്നതിനാൽ കൃഷിയിൽ സ്ഥിരമായ ലാഭവും ലഭിക്കുന്നുവെന്ന് സുധീർ പറയുന്നു.