കൊച്ചി
എസ്എൻ ട്രസ്റ്റിന്റെ ബൈലോയിൽ നിർണായക ഭേദഗതിവരുത്തി ഹൈക്കോടതി. ട്രസ്റ്റിന്റെ സ്വത്തുസംബന്ധമായ കേസുകളിലും വിശ്വാസവഞ്ചനാ കേസുകളിലും ഉൾപ്പെട്ടവർ ഭാരവാഹിത്വത്തിൽനിന്ന് വിട്ടുനിൽക്കണമെന്ന് ഭേദഗതി വരുത്തി ഹൈക്കോടതി ഉത്തരവിട്ടു. കേസിൽ കുറ്റവിമുക്തരാകുംവരെ ഭാരവാഹിയായി തുടരാൻപാടില്ലെന്നും ആരോപിതർക്കെതിരെ അന്തിമ റിപ്പോർട്ട് നൽകുന്നതുവരെ കാത്തിരിക്കാതെ നടപടി സ്വീകരിക്കാമെന്നും ജസ്റ്റിസുമാരായ എ മുഹമ്മദ് മുഷ്താഖ്, ശോഭ അന്നമ്മ ഈപ്പൻ എന്നിവരടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി.
ട്രസ്റ്റിന്റെ ബൈലോയിൽ ഭേദഗതി ആവശ്യപ്പെട്ട് ഡയറക്ടർ ബോർഡ് അംഗം അഡ്വ. ചെറുന്നിയൂർ വി ജയപ്രകാശ് നൽകിയ ഹർജിയിലാണ് ബൈലോ പുതുക്കി കോടതി ഉത്തരവിറക്കിയത്. ബൈലോ ഹൈക്കോടതി തയ്യാറാക്കിയതിനാൽ ഭേദഗതിക്കും ഹൈക്കോടതിയുടെ അനുമതി വേണം. ഫണ്ട് ദുരുപയോഗിച്ചെന്നതടക്കം എസ്എൻ ട്രസ്റ്റ് സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ കേസുകളുള്ള സാഹചര്യത്തിലാണ് ഹർജി നൽകിയത്. ബൈലോ ഭേദഗതിയെ വെള്ളാപ്പള്ളിയടക്കമുള്ളവർ എതിർത്തു. എന്നാൽ, ട്രസ്റ്റിന്റെ സ്വത്തുമായി ബന്ധപ്പെട്ട കേസുണ്ടായാൽ ട്രസ്റ്റ് ഭാരവാഹിയെയോ അംഗത്തെയോ സസ്പെൻഡ് ചെയ്യാൻ വ്യവസ്ഥയുണ്ടായിരുന്നില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. അതേസമയം, കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ഒരാൾ ട്രസ്റ്റിന്റെ ഭാരവാഹിയാകുന്നത് ബൈലോ വിലക്കുന്നുമുണ്ട്. ട്രസ്റ്റിന്റെ സ്വത്തുമായി ബന്ധപ്പെട്ട കേസുണ്ടായാലും ഭാരവാഹിത്വത്തിൽ തുടരാൻ അനുമതി നൽകുന്നത് ആശങ്കയുണ്ടാക്കുന്നതാണെന്ന് വിലയിരുത്തിയ കോടതി ട്രസ്റ്റിന്റെ ലക്ഷ്യവും നീതിയും ഉറപ്പാക്കാൻ ഭേദഗതി അനിവാര്യമാണെന്നും പറഞ്ഞു.
വിധി എതിരല്ലെന്ന് വെള്ളാപ്പള്ളി
എസ്എൻ ട്രസ്റ്റ് ബൈലോ ഭേദഗതിചെയ്ത ഹൈക്കോടതി ഉത്തരവിലൂടെ തന്റെ സ്ഥാനം നഷ്ടമാകില്ലെന്ന് സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ മാധ്യമങ്ങളോട് പറഞ്ഞു. തനിക്കെതിരെ കുറ്റപത്രമൊന്നും കോടതിയിൽ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
14 വഷംമുമ്പ് കൊല്ലം എസ്എൻ കോളേജ് ജൂബിലി ആഘോഷവുമായി ബന്ധപ്പെട്ട് ചിലർ നൽകിയ പരാതി പൊലീസ് അന്വേഷിക്കുകയും കേസ് റഫർചെയ്തതുമാണ്. കേസ് വീണ്ടും അന്വേഷിക്കുന്നുണ്ടെങ്കിലും കുറ്റപത്രം നൽകിയിട്ടില്ല. കുറ്റപത്രം ഉണ്ടെങ്കിൽ മാറിനിൽക്കണമെന്നാണ് ഉത്തരവ്. ജനകീയ കോടതിയിൽ വിജയിക്കാൻ സാധിക്കാത്ത ചില സ്ഥാനമോഹികളാണ് തന്നെ കേസിൽപ്പെടുത്തി ലക്ഷ്യംനേടാൻ ശ്രമിക്കുന്നത്. കോടതി ഉത്തരവ് ട്രസ്റ്റിലെ എല്ലാവരെയും ബാധിക്കുന്നതായിരിക്കെ തനിക്കെതിരാണെന്ന് പ്രചരിപ്പിക്കുന്നത് തെറ്റാണ്.
കേസിൽപ്പെട്ടവർ നിരപരാധിത്വം തെളിയുംവരെ മാറിനിൽക്കണമെന്ന കോടതി ഉത്തരവ് സ്വാഗതാർഹമാണ്. ഇക്കാര്യത്തിൽ കോടതിയെ അഭിനന്ദിക്കുന്നുവെന്നും വെള്ളാപ്പള്ളി പറഞ്ഞു.