ഹൈദരാബാദ്
ശ്രീലങ്കയ്ക്കെതിരായ തകർപ്പൻ ജയത്തിന്റെ ആവേശത്തിൽ ഇന്ത്യ ന്യൂസിലൻഡിനെതിരെ ഇറങ്ങുന്നു. മൂന്ന് മത്സര ഏകദിന ക്രിക്കറ്റ് പരമ്പരയ്ക്ക് ഇന്ന് ഹൈദരാബാദിൽ തുടക്കമാകും. ലങ്കയ്ക്കെതിരായ പരമ്പര അവസാനിച്ച് രണ്ട് ദിവസത്തെമാത്രം വിശ്രമം കഴിഞ്ഞാണ് രോഹിത് ശർമയും കൂട്ടരും ന്യൂസിലൻഡിന് മുന്നിലെത്തുന്നത്. പകൽ ഒന്നരയ്ക്കാണ് മത്സരം. ഒക്ടോബറിലും നവംബറിലുമായി നടക്കുന്ന ലോകകപ്പ് മുന്നിൽക്കണ്ടാണ് ഇരുടീമുകളും ഏറ്റുമുട്ടുന്നത്. ക്യാപ്റ്റൻ കെയ്ൻ വില്യംസൺ, ടിം സൗത്തി എന്നീ പ്രധാന താരങ്ങൾക്ക് വിശ്രമം നൽകിയാണ് കിവീസിന്റെ വരവ്.
പുതുവർഷത്തെ കന്നി പരമ്പരയിൽ ലങ്കയെ തുരത്തിയെത്തുന്ന ഇന്ത്യ ആത്മവിശ്വാസത്തിലാണ്. പരീക്ഷണങ്ങളെല്ലാം വിജയംകണ്ടു. മികച്ച ആദ്യ പതിനൊന്നിനെ ഒരുക്കുക എന്ന ലക്ഷ്യത്തിലേക്കുള്ള ചുവടുവയ്പാണ്. ലോകകപ്പ് ടീമിനെപ്പറ്റി നല്ല ധാരണയുണ്ട് മാനേജ്മെന്റിന്. ഇതനുസരിച്ചുള്ള പദ്ധതിപ്രകാരമായിരുന്നു ലങ്കയ്ക്കെതിരായ ടീം തെരഞ്ഞെടുപ്പ്. ന്യൂസിലൻഡിനെതിരെയും ഇത് നടപ്പാക്കും.
ഓപ്പണർമാരായി ക്യാപ്റ്റൻ രോഹിതും ശുഭ്മാൻ ഗില്ലും എത്തും. മൂന്നാംനമ്പറിൽ വിരാട് കോഹ്ലി. പരിക്കേറ്റ് പുറത്തായ ശ്രേയസ് അയ്യർക്ക് പകരം സൂര്യകുമാർ യാദവ് എത്തും. വിശ്രമം അനുവദിച്ച ലോകേഷ് രാഹുലിന്റെ അഭാവത്തിൽ ഇഷാൻ കിഷൻ വിക്കറ്റ് കീപ്പറാകും. അഞ്ചാംനമ്പറിൽ കിഷൻ കളിക്കും. ഹാർദിക് പാണ്ഡ്യയും വാഷിങ്ടൺ സുന്ദറുമാണ് ഓൾറൗണ്ടർമാർ. അക്സർ പട്ടേലിന് പകരമാണ് വാഷിങ്ടൺ എത്തുക. മുഹമ്മദ് ഷമിയും മുഹമ്മദ് സിറാജും പേസ്നിരയ്ക്ക് ചുക്കാൻപിടിക്കും.
വില്യംസണിന്റെ അഭാവത്തിൽ ടോം ലാതമാണ് ന്യൂസിലൻഡിനെ നയിക്കുന്നത്. ഇന്ത്യക്കെതിരെ മികച്ച റെക്കോഡാണ് ഈ ഇടംകൈയന്. 17 കളിയിൽ 65.07 ആണ് ശരാശരി. സ്പിന്നർമാർക്കെതിരെ ആധിപത്യം പുലർത്തുന്ന ബാറ്ററെന്നതും കിവീസ് ക്യാപ്റ്റനെ അപകടകാരിയാക്കുന്നു. ഡിവോൻ കൊൺവേ, ഫിൻ അലൻ എന്നിവരിലും ബാറ്റിങ്ങിൽ ന്യൂസിലൻഡ് പ്രതീക്ഷവയ്ക്കുന്നു. ലോക്കി ഫെർഗൂസൺ പേസ് നിരയ്ക്ക് ശക്തിപകരും.
ശ്രേയസിന്
പകരം പാട്ടിദാർ
പരിക്കേറ്റ് പുറത്തായ മധ്യനിര ബാറ്റർ ശ്രേയസ് അയ്യർക്ക് പകരം രജിത് പാട്ടിദാർ ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ ഇടംപിടിച്ചു. ശ്രീലങ്കയ്ക്കെതിരായ പരമ്പരയ്ക്കുശേഷം പുറംവേദന അനുഭവപ്പെട്ടതോടെയാണ് ശ്രേയസിനെ പിൻവലിച്ചത്. ബംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലാകും താരത്തിന്റെ ചികിത്സ. ബംഗ്ലാദേശിനെതിരായ പരമ്പരയിൽ ഇന്ത്യൻ ടീമിൽ ഉൾപ്പെട്ടിരുന്നെങ്കിലും കളിക്കാനായിരുന്നില്ല പാട്ടിദാറിന്. ആഭ്യന്തര സീസണിലെ മികച്ച പ്രകടനമാണ് ഈ മധ്യപ്രദേശുകാരൻ നടത്തുന്നത്.
സാധ്യതാ ടീം
ഇന്ത്യ: രോഹിത് ശർമ (ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ, വിരാട് കോഹ്ലി, സൂര്യകുമാർ യാദവ്, ഇഷാൻ കിഷൻ, ഹാർദിക് പാണ്ഡ്യ, വാഷിങ്ടൺ സുന്ദർ, കുൽദീപ് യാദവ്, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമ്രാൻ മാലിക്.
ന്യൂസിലൻഡ്: ഫിൻ അലൻ, ഡിവോൻ കൊൺവേ, മാർക് ചാപ്മാൻ, ഡാരിൽ മിച്ചെൽ, ടോം ലാതം (ക്യാപ്റ്റൻ), ഗ്ലെൻ ഫിലിപ്സ്, മിഖായേൽ ബ്രെയ്സ്വെൽ, മിച്ചെൽ സാന്റ്നെർ, ഹെൻറി ഷിപ്ലി, ജേകബ് ഡഫി, ലോക്കി ഫെർഗൂസൺ.