ഹൈദരാബാദ്
ഏകദിന ക്രിക്കറ്റിന് മരണമണി മുഴങ്ങുന്നോ എന്നായിരുന്നു ഇന്ത്യ–-ശ്രീലങ്ക മൂന്നാംഏകദിനത്തിനിടെ മുൻതാരം യുവരാജ് സിങ് ട്വിറ്ററിൽ പങ്കുവച്ച കുറിപ്പ്.
ആളൊഴിഞ്ഞ തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയമായിരുന്നു യുവരാജിന്റെ പ്രതികരണത്തിനുപിന്നിൽ. ഏകദിന ക്രിക്കറ്റിന്റെ ആവേശം കുറയുന്നു എന്നാണ് സമീപകാലത്തെ കണക്കുകൾ സൂചിപ്പിക്കുന്നത്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പും അസംഖ്യം ട്വന്റി 20 ലീഗുകളും കാണികളെ ആകർഷിക്കുമ്പോൾ ഒരു ദിവസംമുഴുവൻ നീളുന്ന ഏകദിനത്തെ ആളുകൾ കൈയൊഴിയുന്നു. കളിക്കാരുടെ താൽപ്പര്യത്തെയും ഇത് ബാധിച്ചു. ഇംഗ്ലീഷ് ഓൾറൗണ്ടറും അവരുടെ ലോകകപ്പ് ഹീറോയുമായ ബെൻ സ്റ്റോക്സ് ഈയിടെയാണ് ഏകദിനം നിർത്തിയത്.
ഏകദിന ലോകകപ്പുള്ളതിനാലാണ് ഈ വർഷം പരമ്പരകൾ വർധിച്ചത്. കഴിഞ്ഞവർഷം എണ്ണം കുറവായിരുന്നു. ഇന്ത്യ–-ലങ്ക പരമ്പരയിലെ ആദ്യകളി നടന്ന ഗുവാഹത്തിയിലെ ബർസാപരാ 20,000 കാണികളാണ് എത്തിയത്. 38,000 പേർക്ക് ഇരിക്കാൻ കഴിയുന്ന സ്റ്റേഡിയമാണ്. ഈഡൻ ഗാർഡൻസിൽ മാത്രമാണ് കാണികൾ കൂടുതൽ എത്തിയത്. 55,000 കളി കാണാനെത്തി. ഗ്രീൻഫീൽഡിൽ എത്തിയത് 20,000 പേർ. റണ്ണൊഴുകിയിട്ടും പരമ്പരയ്ക്ക് കാണികളെ ആകർഷിക്കാനായില്ല എന്ന വിലയിരുത്തലാണ് ബിസിസിഐക്കുള്ളത്.
2008 മുതലാണ് ഏകദിന ക്രിക്കറ്റിനോടുള്ള താൽപ്പര്യക്കുറവിന്റെ സൂചനകൾ കണ്ടുതുടങ്ങിയത്. ട്വന്റി 20 ലോകകപ്പും ഐപിഎല്ലും വൻവിജയമായതിനുപിന്നാലെ ക്രിക്കറ്റ് ബോർഡുകൾ അതിലേക്ക് മാറിയപ്പോൾ ഏകദിനത്തിന് അടിതെറ്റി. ട്വന്റി 20, ടെസ്റ്റിന്റെ പ്രാധാന്യം കുറയ്ക്കുമെന്നായിരുന്നു ആദ്യ വിലയിരുത്തൽ. എന്നാൽ, ടെസ്റ്റിന്റെ ആവേശത്തിന് മാറ്റമുണ്ടായില്ല. ബാധിച്ചത് ഏകദിനത്തെയും. 28 വർഷം തുടർച്ചയായ നീണ്ട ത്രിരാഷ്ട്ര ഏകദിന പരമ്പര 2008ലാണ് ഓസ്ട്രേലിയ നിർത്തിയത്.
കഴിഞ്ഞവർഷം നവംബറിൽ നടന്ന ഇംഗ്ലണ്ട്–-ഓസ്ട്രേലിയ പരമ്പര കാണാൻ കാണികളുണ്ടായില്ല. 52,000 സീറ്റുള്ള അഡ്ലെയ്ഡ് ഓവലിൽ ആയിരങ്ങൾ മാത്രമാണ് കളി കാണാനെത്തിയത്. ഒഴിഞ്ഞ സീറ്റുകളുടെ എണ്ണം കുറയ്ക്കാൻ സൗത്ത് ഓസ്ട്രേലിയൻ ക്രിക്കറ്റ് അസോസിയേഷൻ അംഗങ്ങളെ ക്രിക്കറ്റ് ഓസ്ട്രേലിയ സ്റ്റേഡിയത്തിലെത്തിക്കുകയായിരുന്നു. സിഡ്നിയിലും മെൽബണിലും നടന്ന കളികളിലും സമാന അവസ്ഥയായിരുന്നു. തൊട്ടുമുമ്പ് നടന്ന ട്വന്റി 20 ലോകകപ്പിന് കാണികൾ ഒഴുകിയെത്തിയിരുന്നു. ഓസ്ട്രേലിയയിലെ ട്വന്റി 20 ലീഗായ ബിഗ് ബാഷിനും വൻ സ്വീകരണമായിരുന്നു. 2023–-24 ബിഗ്ബാഷ് സീസണിൽ കളിക്കാരുടെ ശമ്പളം ഇരട്ടിയാക്കാനൊരുങ്ങുകയാണ്.
ഏകദിന ക്രിക്കറ്റിന് ഒരു ഉടച്ചുവാർക്കൽ അത്യാവശ്യമാണെന്നായിരുന്നു ഇന്ത്യൻ ടീമിന്റെ മുൻ ഓൾ റൗണ്ടർ ഇർഫാൻ പഠാന്റെ പ്രതികരണം. ‘ഏകദിന ക്രിക്കറ്റിനെ ഒഴിവാക്കാനാകില്ല. സാമ്പത്തികമായി വളരെ പ്രാധാന്യമുള്ളതാണ്. എന്നാൽ, ഒരു ദിനം നീളുന്ന കളി പലപ്പോഴും വിരസമാകാറുണ്ട്. അതൊഴിവാക്കാൻ 40 ഓവറാക്കി ചുരുക്കണം’ പഠാൻ പറഞ്ഞു. ഒരുതവണ സച്ചിൻ ടെൻഡുൽക്കർ ഇക്കാര്യം ഉന്നയിച്ചിരുന്നു. 25 ഓവർവീതമുള്ള നാല് ഇന്നിങ്സുകളായിരുന്നു സച്ചിൻ നിർദേശിച്ചത്.
2019 ഏകദിന ലോകകപ്പ് വിജയിച്ചെങ്കിലും കളിക്കാരുടെ താൽപ്പര്യക്കുറവ് കണ്ടു. ജോലിഭാരം വർധിക്കുന്നുവെന്നായിരുന്നു സ്റ്റോക്സ് ഉൾപ്പെടെയുള്ള കളിക്കാരുടെ പ്രതികരണം. ഏകദിന ക്രിക്കറ്റ് പൂർണമായി ഒഴിവാക്കാൻ പറഞ്ഞത് പാകിസ്ഥാൻ ടീം മുൻ ക്യാപ്റ്റൻ വസീം അക്രമാണ്. ‘ട്വന്റി 20 ക്രിക്കറ്റ് എളുപ്പമാണ്. നാല് മണിക്കൂറിൽ കളി തീരും. ലോകത്തെവിടെയും കളിയുണ്ട്. ധാരാളം പണമുണ്ട്. ആധുനിക കാലത്തിന്റെ കളി. ട്വന്റി 20യോ ടെസ്റ്റോ. പക്ഷേ, ഏകദിനമെന്ന വിഭാഗം ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്–- അക്രം പറഞ്ഞു.
2019 ലോകകപ്പിനുശേഷം കളിച്ച 246 ഏകദിനങ്ങളിൽ 96ഉം കളിച്ചത് ടെസ്റ്റ് പദവിയില്ലാത്ത രാജ്യങ്ങളാണ്. അതേസമയം 2019 ജൂലൈക്കുശേഷം കളിച്ച ട്വന്റി 20 മത്സരങ്ങൾ 868ഉം. ഈ കാലയളവിൽ 121 ടെസ്റ്റുകളും നടന്നു. അതായത് ആകെ 605 ദിനങ്ങൾ ടെസ്റ്റ് നടന്നപ്പോൾ അതിന്റെ മൂന്നിലൊരുഭാഗം മാത്രമായിരുന്നു ഏകദിനം.